ഗുജറാത്തില്‍ തകര്‍ന്ന പാലത്തിന്റെ തൂണില്‍ തൂങ്ങി കുട്ടികളുടെ ദുര്‍ഘട യാത്ര,മോദിയുടെ ‘വികാസ്’ എവിടെയെന്ന് സോഷ്യല്‍ മീഡിയ

0
184

ഗുജറാത്ത് (www.mediavisionnews.in): രണ്ട് മാസം മുമ്പ് തകര്‍ന്ന പാലം ഇനിയും നന്നാക്കാത്തതിന്റെ വേദനയിലാണ് ഗുജറാത്തിലെ നായ്ക്ക,ബേരായ് ഗ്രാമത്തിലെ സ്കൂള്‍ കുട്ടികള്‍. തകര്‍ന്ന പാലത്തിന്റെ തൂണില്‍ തൂങ്ങിയാണ് ഗുജറാത്തിലെ ഖേദാ ജില്ലയില്‍പെട്ട ഈ ഗ്രാമത്തിലെ കുട്ടികള്‍ പോകുന്നതും വരുന്നതും. നാലഞ്ച് പേരുടെ സഹായത്തോടെ സാഹസികയാത്ര നടത്തി വേണം കുട്ടികള്‍ക്ക് ദിനം തോറും സ്‌കൂളില്‍ എത്താന്‍.

കുട്ടികള്‍ ജീവന്‍ പണയം വെച്ചാണ് തകര്‍ന്ന പാലത്തിന്റെ തൂണില്‍ തൂങ്ങി എല്ലാ ദിവസവും സ്‌കൂളിലെത്തുന്നത്. നയ്ക്കയ്ക്കും ബേരായ് ഗ്രാമത്തിനും ഇടയിലുള്ള പാലം തകര്‍ന്നതോടെയാണ് സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികള്‍ ഇത്രയും ദുരിതമനുഭവിക്കേണ്ടി വരുന്നത്. കുട്ടികളെ രക്ഷിതാക്കള്‍ ചേര്‍ന്ന് വലിയ തോട് കടത്തി കരയ്‌ക്കെത്തിക്കുകയാണ്. രക്ഷിതാക്കളുടെ കൈയ്യില്‍ തൂങ്ങികിടക്കുന്ന കുട്ടികളുടെ കാലൊന്ന് തെറ്റിയാല്‍ തോട്ടില്‍ വീണ് ജീവന്‍ ചിലപ്പോള്‍ നഷ്ടമായേക്കാം.

കുട്ടികളുടെ ഈ ദുര്‍ഘടയാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഗുജറാത്തിലെ ജനങ്ങളുടെ ദുഃ സ്ഥിതി വീണ്ടും പുറത്തേക്ക് വരുന്നത്. വാ തോരാതെ വികസനം കൊട്ടിഘോഷിക്കുന്ന ഗുജറാത്തില്‍ നിന്നുള്ള കാഴ്ച വലിയ ചര്‍ച്ചയ്ക്കും വഴിയൊരുക്കിയിരുന്നു. മോദിയുടെ വികാസ് എവിടെയെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചോദ്യം.

രണ്ട് മാസം മുമ്പാണ് പ്രദേശത്തെ പാലം തകര്‍ന്നത്. എന്നാല്‍ നിരവധി തവണ നാട്ടുകാര്‍ ഇതിന് പരിഹാരം കാണാന്‍ അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്നാല്‍ പാലം വരുന്നത് വരെ കാത്തിരുന്നാല്‍ പഠനം മുടങ്ങുമെന്നറിയുന്നതിനാലാണ് രക്ഷിതാക്കള്‍ കുട്ടികളെ ഇത്രയും പ്രയാസപ്പെട്ട് സ്‌കൂളില്‍ എത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here