ദോഹ (www.mediavisionnews.in):റഷ്യന്‍ ലോകകപ്പിന് അവസാന വിസില്‍ മുഴങ്ങാന്‍ രണ്ട് ദിനം മാത്രം ബാക്കി നില്‍ക്കെയാണ് ചരിത്രം തിരുത്തിക്കൊണ്ട് ഫിഫ 2022 ലെ ഖത്തര്‍ ലോകകപ്പിന്റെ തിയതി പ്രഖ്യാപിച്ചത്. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് മത്സരങ്ങള്‍ നടക്കുക. ഫിഫ തലവന്‍ ജിയാന്നി ഇന്‍ഫാന്റിനോയാണ് തിയതി പ്രഖ്യാപിച്ചത്. സാധാരണ നിലയില്‍ മെയ്- ജൂണ്‍ മാസങ്ങളിലാണ് ലോകകപ്പ് നടത്താറുള്ളത്. എന്നാല്‍ ഖത്തറിന്റെ പ്രത്യേക കാലാവസ്ഥ പരിഗണിച്ചാണ് ഫിഫ തീയതികള്‍ മാറ്റിയത്
നാല് വര്‍ഷത്തില്‍ ഒരിക്കല്‍ വന്നെത്തുന്ന ലോകകപ്പുകള്‍ മലയാളികള്‍ക്കെന്നും ആവേശത്തിന്റെ ദിനങ്ങളാണ്. റഷ്യന്‍ ലോകകപ്പിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച മലയാളികള്‍ക്ക് വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പ് ഒരു സുവര്‍ണാവസരമാണ്.
കേരളത്തിന്റെ മൂന്നിലൊന്നു വലുപ്പം മാത്രമുള്ള രാജ്യമാണ് ഖത്തര്‍. ആകെയുള്ള 26 ലക്ഷം ജനസംഖ്യയില്‍ ആറു ലക്ഷത്തിലേറെയും ഇന്ത്യാക്കാരാണ്. അതില്‍ ഭൂരിഭാഗവും മലയാളികള്‍. ഫിഫയുടെ ആ പ്രഖ്യാപനത്തിന് ഏറ്റവും കൂടുതല്‍ ആവേശം കൊണ്ടിട്ടുണ്ടാവുക അവരായിരിക്കും. അവരെല്ലാവരും ഒരുമിച്ചൊരു പന്തിനു പിന്നാലെ ഓടാന്‍ ഇനി നാലു വര്‍ഷം മാത്രമാണ് ദൂരം. മരുഭൂമിയിലെ ആദ്യത്തെ ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ മലയാളികളുടെ നിറസാന്നിധ്യമായിരിക്കും എന്നതില്‍ സംശയമില്ല.
ഇതുവരെയുള്ള ലോകകപ്പ് പോലെയാവില്ല മലയാളികള്‍ക്കു ഖത്തര്‍ ലോകകപ്പ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ ആവേശത്തോടെ ആഘോഷിക്കുന്ന ലോകകപ്പായിരിക്കും ഇത്. കേരളത്തില്‍ നിന്ന് നാലര മണിക്കൂര്‍ മാത്രം ദൂരമാണ് ഖത്തറിലേക്കുള്ളത്. ഓണ്‍ അറൈവല്‍ വിസ ഉള്ള രാജ്യം കൂടിയാണ് ഖത്തര്‍ എന്ന പ്രത്യേകത കൂടിയുണ്ട് ഈ രാജ്യത്തിന്. അതുകൊണ്ടു തന്നെ 2022ലെ ഖത്തര്‍ ലോകകപ്പ് മലയാളികളുടേതു കൂടിയാവും എന്ന കാര്യം ഉറപ്പാണ്.