112 ദശലക്ഷം യൂറോക്ക് യുവന്റസിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ അനുവദിച്ചപ്പോള്‍ റയല്‍ കൈവിട്ടത് ക്ലബിനു ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിത്തരുന്ന ഒരു താരത്തെയായിരുന്നു. കായിക ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 330 ദശലക്ഷം പേരാണ് റൊണാള്‍ഡോയെ വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പിന്തുടരുന്നത്.
ലോകഫുട്‌ബോളിലെ മറ്റു സൂപ്പര്‍ താരങ്ങളായ മെസിക്കും നെയ്മര്‍ക്കുമെന്നും ഇതിന്റെ പകുതി ഫോളോവേഴ്‌സ് പോലുമില്ല. എന്തിനേറെ പറയുന്നു, ഫുട്‌ബോളിലെ തന്നെ ഏറ്റവും വലിയ ബ്രാന്‍ഡായ റയല്‍ മാഡ്രിഡിനുള്ളതിനേക്കാള്‍ ഫോളോവേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ റൊണാള്‍ഡോക്കുണ്ട്.
ഏതാണ് നാനൂറു ദശലക്ഷം യൂറോയിലധികമാണ് ഒരു സീസണില്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും റൊണാള്‍ഡോ സമ്പാദിക്കുന്നത്. റൊണാള്‍ഡോയെ സ്വന്തമാക്കി വെച്ചിരിക്കുന്ന ക്ലബ് എന്ന രീതിയില്‍ 250 ദശലക്ഷം യൂറോയാണ് റയല്‍ മാഡ്രിഡിന് താരം വഴി വരുമാനമായി ലഭിക്കുന്നത്. റയല്‍ മാഡ്രിഡിലെ മറ്റൊരു താരവും റൊണാള്‍ഡോയുടെ അടുത്തു പോലുമെത്തുന്ന വരുമാനം ക്ലബിനു ഉണ്ടാക്കിക്കൊടുക്കുന്നില്ല. റയല്‍ താരങ്ങള്‍ ക്ലബിനു ഉണ്ടാക്കിക്കൊടുക്കുന്ന മൊത്തം വരുമാനത്തിന്റെ നാല്‍പത്തിമൂന്നു ശതമാനവും ലഭിച്ചിരുന്നത് റൊണാള്‍ഡോ വഴിയായിരുന്നു. റയലിനു മാത്രമല്ല, നെയ്മര്‍ക്കു പിന്നാലെ റൊണാള്‍ഡോ സ്‌പെയിന്‍ വിട്ടത് ലാലിഗയെയും ബാധിക്കുമെന്നുറപ്പാണ്.
അതേ സമയം റൊണാള്‍ഡോ ട്രാന്‍സ്ഫര്‍ വഴി യുവന്റസിനു നേട്ടം മാത്രമാണ് ഉണ്ടായിരിക്കുന്നത്. ഓഹരി വിപണിയില്‍ യുവന്റസിന്റെ ഷെയറുകളുടെ മൂല്യം മുപ്പതു ശതമാനത്തില്‍ അധികമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. മാത്രമല്ല, യുവന്റസിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സില്‍ മാത്രം പതിനൊന്നു ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരാഴ്ച കൊണ്ട് പതിനൊന്നു ലക്ഷം പുതിയ ഫോളോവേഴ്‌സാണ് യുവന്റസിനു വന്നിരിക്കുന്നത്. ഇതിനെല്ലാം പുറമേ റൊണാള്‍ഡോ ട്രാന്‍സ്ഫര്‍ പ്രഖ്യാപിച്ച് ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അഞ്ചു ലക്ഷം യുവന്റസ് ജേഴ്‌സിയാണ് താരത്തിന്റെ പേരിലുള്ളത് വിറ്റഴിഞ്ഞത്.