മുംബെെ (www.mediavisionnews.in):ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന വിവാദ പ്രസംഗവുമായി ബി.ജെ.പി, എം.പി ഗോപാല്‍ ഷെട്ടി. ഇന്ത്യയിലെ എല്ലാ ക്രിസ്ത്യാനികളും ബ്രിട്ടീഷുകാരാണെന്നും അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നുമായിരുന്നു ഗോപാല്‍ ഷെട്ടി പ്രസംഗിച്ചത്.
‘ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരായിരുന്നു. അതിനാലാണ് അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തത്. ഹിന്ദുക്കളോ മുസ്ലീങ്ങളും അല്ല ഇന്ത്യയെ മോചിപ്പിച്ചത്. നമ്മള്‍ ഒരുമിച്ച് ഹിന്ദുസ്ഥാനികളായാണ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത്’. ഷെട്ടി പറഞ്ഞു.
ഞായറാഴ്ച മുംബെെ മലാഡില്‍ ഷിയാ കബറസ്ഥാന്‍ കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഇ മിലാദില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഷെട്ടിയുടെ വിവാദ പരാമര്‍ശം.
ഷെട്ടിയുടെ പ്രസ്താവനയ്ക്കെതിരെ മുംബൈ കോണ്‍ഗ്രസ് രംഗത്തെത്തി. ഷെട്ടിക്ക് ചരിത്രത്തെ കുറിച്ച് ധാരണയില്ല, അല്ലെങ്കില്‍ മനഃപൂര്‍വം ഒരു സമുദായത്തിന്റെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് മുംബൈ കോണ്‍ഗ്രസ് ട്വിറ്ററില്‍ ആരോപിച്ചു.
വര്‍ഗീയ വിദ്വേഷം നിറഞ്ഞതും ചരിത്രം വളച്ചൊടിക്കുന്നതും ആയ പ്രസ്താവനകള്‍ ബിജെപി നേതാക്കള്‍ നടത്തുന്നത് പതിവായിരിക്കുകയാണ്. ബിജെപി എം പിമാരായ സാക്ഷി മഹാരാജും അനന്ത് കുമാര്‍ ഹെഗ്ഡെയും ഇത്തരം പ്രസ്താവനകള്‍ കൊണ്ട് വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ്. മുംബൈ നോര്‍ത്തില്‍ നിന്നുള്ള എം പിയാണ് ഗോപാല്‍ ഷെട്ടി.