കെംപഗൗഡ വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം യാത്രക്കാര്‍ മറന്നുവെച്ചത് 20,413 വസ്തുക്കള്‍

0
136

ബംഗളൂരു (www.mediavisionnews.in):  യാത്രക്കാരുടെ മറവി കാരണം ഒരു വിമാനത്താവളത്തില്‍ നിന്ന് ലഭിച്ചത് ഇരുപതിനായിരത്തിലധികം വസ്തുക്കളാണ്. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ (ബിഐഎഎല്‍) ആണ് കഴിഞ്ഞ വര്‍ഷം 20,413 വസ്തുക്കള്‍ യാത്രക്കാര്‍ മറന്നുവെച്ചത്. മൊബൈല്‍, ലാപ്‌ടോപ്, ഐ പാഡ്, വാച്ച്, പേന, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ബാഗുകള്‍, എടിഎം-ഡെബിറ്റ് കാര്‍ഡുകള്‍, ചെക്ക്ബുക്ക്, സണ്‍ഗ്ലാസ്, ക്യാമറകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയെല്ലാം ഇവയിലുണ്ട്.

2017 ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെയായി വിമാനത്താവളത്തിന്റെ പല ഭാഗങ്ങളിലാണ് ഇത്രയധികം സാധനങ്ങള്‍ മറന്നുവെച്ചത്.ഭക്ഷണം ഉള്‍പ്പെടെ കേടായ 7,153 വസ്തുക്കള്‍ ഉപേക്ഷിച്ചിട്ടുണ്ട്. 20,413 സാധനങ്ങളില്‍ 5,686 എണ്ണം ഉടമസ്ഥര്‍ക്കു തിരിച്ചു നല്‍കി. ബാക്കിയുള്ളവയുടെ ഉടമസ്ഥര്‍ ഇനിയും എത്തിയിട്ടില്ല. 90 ദിവസമായിട്ടും അവകാശികള്‍ എത്തിയില്ലെങ്കില്‍ ഇവ ലേലം ചെയ്യുകയോ, സന്നദ്ധ സംഘടനകള്‍ക്കു നല്‍കുകയോ ചെയ്യും. സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകളും രേഖകളും അതാതു വകുപ്പിനു കൈമാറുകയും ചെയ്യും. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളും ചെക്കുകളുമെല്ലാം 72 മണിക്കൂറിനുശേഷം നശിപ്പിച്ചുകളയുകയാണ് പതിവ്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ കൂടിയതോടെ മറന്നുവയ്ക്കുന്ന സാധനങ്ങളുടെ എണ്ണവും കൂടിയതായി ബിഐഎഎല്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ജാവേദ് മാലിക് പറഞ്ഞു.

ഇത്തരം സാധനങ്ങള്‍ കണ്ടെത്തി സൂക്ഷിച്ചുവയ്ക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് അവരുടെ സാധനങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഇവയുടെ വിശദാംശങ്ങള്‍ അതാതു ദിവസം വിമാനത്താവള വെബ്‌സൈറ്റിലെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് വിഭാഗത്തില്‍ നല്‍കാറുണ്ടെന്നും ജാവേദ് മാലിക് പറഞ്ഞു. സാധനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 080–66782257, +918066782257 (വിദേശത്തുള്ളവര്‍) നമ്പരിലേക്കു വിളിക്കാം. ഇ മെയില്‍:- lostandfound@bialairport.com

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here