കാസര്‍കോട് (www.mediavisionnews.in): വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെ ഫേസ് ബുക്കില്‍ കണ്ടെത്തിയ യുവതി, ഭര്‍ത്താവിനെ തിരിച്ചു കിട്ടാന്‍ പോലീസിന്‍റെയും നാട്ടുകാരുടെയും സഹായം തേടി. കാസർകോട് വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപു ഫിലിപ്പിന്‍റെ ഭാര്യ ബേബിയാണ് പറക്കമുറ്റാത്ത രണ്ട് മക്കളുമായി ദുരിത ജീവിതം തള്ളി നീക്കുന്നതിനിടയിൽ ഫേയ്‌സ് ബുക്കിൽ പ്രത്യക്ഷപ്പെട്ട ഭർത്താവ് ദീപു ഫിലിപ്പിനെ കണ്ടെത്തുന്നതിനായി നാട്ടുകാരുടെയും പോലീസിന്‍റെയും സഹായം തേടിയത്.
ഒൻപത് മാസം മുൻപാണ് ജോലി ആവശ്യാർത്ഥം എന്ന് പറഞ്ഞ് ദീപു എറണാകുളത്തേക്ക് പോയത്. ദീപു പോകുമ്പോൾ ബേബി പത്ത് മാസം ഗർഭിണിയായിരുന്നു. ദീപുവിന് രണ്ടാമത്തെ പെണ്‍കുഞ്ഞ് ജനിച്ചിട്ട് ഇപ്പോൾ ആറുമാസമായി. കുഞ്ഞ് ജനിച്ചശേഷം ഭാര്യയുമായി ഫോണിൽ പോലും ബന്ധപെടാതിരുന്ന ദീപുവിനെ കഴിഞ്ഞ ദിവസമാണ് ഫെയ്‌സ് ബുക്കിൽ കണ്ടെത്തിയത്.
കാസർകോട് ബന്തടുക്ക പടുപ്പ് സ്വദേശിനിയായ ബേബിക്ക് എറണാകുളത്തെ കിറ്റക്സ് കമ്പനിയിൽ ടൈലറിംഗ് ജോലിയായിരുന്നു. കാസര്‍കോടേക്കുള്ള യാത്രയ്ക്കിടെ ആലുവയില്‍ നിന്നാണ് ദീപുവിനെ ബേബി പരിചയപ്പെടുന്നത്. ഇത് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലും അവസാനിച്ചു. താന്‍ ഹിന്ദുവാണെന്നും അച്ഛനും അമ്മയുമില്ലെന്നുമാണ് ദീപു ബേബിയെ വിശ്വസിപ്പിച്ചിരുന്നത്. തുടര്‍ന്ന് എറണാകുളം കാക്കനാട് ശിവക്ഷേത്രത്തിൽ വെച്ച് 2009 ഫെബ്രുവരി മാസം പതിമൂന്നാം തീയതി ഇരുവരും വിവാഹിതരായി. ഇതിനിടെ ഇരുവര്‍ക്കും ഒരു കുഞ്ഞുണ്ടായി.
എറണാകുളത്തെ വാടകവീട്ടില്‍ വച്ച് താൻ തനിച്ചല്ലെന്നും അച്ഛനും അമ്മയും ഒരു സഹോദരി കൂടിയുണ്ടെന്നും കൃസ്ത്യാനിയാണെന്നും നാട്ടിൽ പോയാൽ പള്ളിയിൽ പോയി മതം മാറണമെന്നും ബേബിയോട് പറഞ്ഞു. തുടർന്ന് ഇരുവരും കാസര്‍കോട് വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപിന്‍റെ വീട്ടിലെത്തി. തുടർന്ന് പുന്നക്കുന്ന് പള്ളിയിൽ പോയി ബേബി മതം മാറി. തുടർന്ന് ക്രിസ്ത്യൻ മതാചാര പ്രകാരം വീണ്ടും വിവാഹം കഴിച്ചു. പട്ടിക വർഗ്ഗ വിഭാഗത്തിലെ നായ്ക്ക വിഭാഗത്തിൽപ്പെട്ട താന്‍ ദീപുവിനെ വിവാഹം കഴിച്ചത് ഭർത്താവിന്‍റെ അമ്മ മേരിക്കും സഹോദരിക്കും ഇഷ്ടമായിരുന്നില്ലെന്ന് ബേബി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
ഇതിനിടെയാണ് രണ്ടാമതും ഗര്‍ഭിണിയായത്. പത്ത് മാസം തികഞ്ഞപ്പോള്‍ ജോലി തേടി പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ദീപുവിനെ കുറിച്ച് പിന്നീടൊരു വിവരവും ഉണ്ടായിരുന്നില്ല. പെണ്‍കുഞ്ഞ് ജനിച്ച് ഇപ്പോള്‍ ആറ് മാസം കഴിഞ്ഞു. ഭര്‍ത്താവിന്‍റെ വീട്ടില്‍ ഇപ്പോഴും ദീപുവിന്‍റെ മുറിയില്‍ കയറാന്‍മാത്രമേ തനിക്ക് അധികാരമൊള്ളെന്നും ബോബി പറഞ്ഞു. പറക്കമുറ്റാത്ത രണ്ട് കുട്ടികളെയും കൊണ്ട് ജോലിക്ക് പോകാനും കഴിയില്ല. പലപ്പോഴും നാട്ടുകാരുടെയും അയൽവാസികളുടെയും സഹായം കൊണ്ടാണ് പട്ടിണിയില്ലാതെ കഴിയുന്നത്. ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും സന്ധ്യയാകുമ്പോൾ കുട്ടികളെയും കൊണ്ട് അയൽ വീട്ടിലാണ് അന്തിയുറങ്ങാൻ പോകുന്നത്.
വെള്ളരിക്കുണ്ട് പോലീസിലും ഭീമനടി ഗ്രാമീണ കോടതിയിലും ബേബി ഭർത്താവ് ദീപുവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. തുടര്‍ന്ന് പൊലീസ് കോടതിയിൽ ഹാജരാക്കിയ ദീപു, ഭാര്യയേയും മക്കളെയും നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് അവിടെ നിന്നും വീണ്ടും നാടുവിടുകയായിരുന്നു. എന്നാല്‍ ദീപു ഇപ്പോൾ എറണാകുളത്ത് മറ്റൊരു വിവാഹം കഴിച്ചതായി കേട്ടെന്നും ബേബി ആരോപിച്ചു. ഇതിനിടെയാണ് അയല്‍വാസിയുടെ ഫോണില്‍ ദീപുവിന്‍റെ ഫേസ് ബുക്ക് പേജ് കാണുന്നത്. ഇതേ തുടര്‍ന്ന് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലും നാട്ടുകാരോടും ദീപുവിനെ കണ്ടെത്തിത്തരാന്‍ അപേക്ഷിക്കുകയാണ് ബേബി.