കോഴിക്കോട്(www.mediavisionnews.in): സംഘ്പരിവാറിനും സമസ്തയുടേയും ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുജാഹിദ് ബാലുശ്ശേരി. മുന്‍പ് നടത്തിയ പ്രഭാഷണങ്ങളുടെ ചില ഭാഗങ്ങള്‍ മാത്രം പ്രചരിപ്പിച്ച് ആളുകളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മുജാഹിദ് ബാലുശ്ശേരി ആരോപിക്കുന്നത്. മുസ്ലിം സമുദായത്തിലുള്ള ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത് മാത്രം അടങ്ങിയ വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിച്ച് സമസ്ത സമുദായത്തില്‍ തെറ്റിധാരണ പടര്‍ത്തുന്നുവെന്ന് മുജാഹിദ് ബാലുശ്ശേരി ആരോപിക്കുന്നു. ഹൈന്ദവരെ തന്റെ പ്രഭാഷണങ്ങള്‍ സ്വാധീനിക്കുന്നതായി കണ്ടതോടെ സംഘ്പരിവാര്‍ സംഘടനകളും ചില വീഡിയോ ക്ലിപ്പുകള്‍ മാത്രം തിരഞ്ഞെടുത്ത് പ്രചരിപ്പിക്കുന്നുണ്ട്.
ഏറെക്കാലങ്ങള്‍ക്ക് മുമ്പ് നടന്ന പ്രഭാഷണങ്ങള്‍ പോലും ഇത്തരത്തില്‍ തെറ്റിധാരണ പരത്താന്‍ പ്രചരിക്കുന്നുണ്ട്. മുഴുവന്‍ പ്രഭാഷണം കേള്‍ക്കുന്ന ഒരാള്‍ക്കു പോലുമില്ലാത്ത തോന്നാത്ത രീതിയിലുള്ള സന്ദേശങ്ങളാണ് ഇത് സമൂഹത്തിന് നല്‍കുന്നത്. അത്തരം ക്ലിപ്പിങ്ങിലൂടെ മാത്രമാണ് സമൂഹം എന്നെ തിരിച്ചറിയുന്നത്. ബ്രിട്ടീഷുകാരെ തുരത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച ടിപ്പു സുല്‍ത്താനെക്കുറിച്ച് ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ച വിവരങ്ങള്‍ വിശ്വസിക്കുന്നവര്‍ക്ക് ടിപ്പുവിനോട് വെറുപ്പ് തോന്നുന്നത് സ്വാഭാവികം മാത്രമാണ്. അതു തന്നെയാണ് തന്റെ കാര്യത്തിലും സംഭവിക്കുന്നതെന്ന് മുജാഹിദ് ബാലുശ്ശേരി വിശദമാക്കുന്നു.
മതപ്രബോധകനെയും സാഹിത്യകാരനെയും ഏതാനും വരികള്‍ കൊണ്ടല്ല മനസിലാക്കേണ്ടത്. സ്വാമിജിമാര്‍ക്കും പള്ളീലെ അച്ചന്മാര്‍ക്കും ലഭിക്കുന്നതിനേക്കാള്‍ സമയം ക്ഷേത്രങ്ങളില്‍ നടക്കുന്ന പ്രഭാഷണ പരമ്പരകളില്‍ തനിക്ക് ലഭിക്കുന്നത് മാനവികതയ്ക്ക് വേണ്ടിയുള്ള പ്രഭാഷണങ്ങളെ തുടര്‍ന്നാണ്. ആശയപരമായി നേരിടാനുള്ള കരുത്തില്ലാത്തവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്നും മുജാഹിദ് ബാലുശ്ശേരി വ്യക്തമാക്കുന്നു. താനുമായി ബന്ധപ്പെട്ടുള്ള എല്ലാ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി പ്രഭാഷണങ്ങളില്‍ ഉണ്ടെന്നും മുജാഹിദ് ബാലുശേരി വിശദമാക്കുന്നു.