തിരുവനന്തപുരം: (www.mediavisionnews.in) ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടികൊന്ന കേസില്‍ ആദ്യ രണ്ട് പ്രതികളായ പൊലീസുകാര്‍ക്ക് വധ ശിക്ഷ വിധിച്ചു. കെ ജിതകുമാര്‍ എസ്.വി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധ ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്നു പ്രതികള്‍ക്ക് ആറു വര്‍ഷം തടവുമാണ് തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
ഒന്നും രണ്ടും പ്രതികളായ മലയിന്‍കീഴ് കമലാലയത്തില്‍ ഡി.സി.ആര്‍.ബി എ.എസ്.ഐ കെ. ജിതകുമാര്‍, നെയ്യാറ്റിന്‍കര സ്വദേശിയും നാര്‍ക്കോട്ടിക് സെല്ലിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറുമായ എസ്.വി. ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഇവര്‍ രണ്ട് ലക്ഷം രൂപ പിഴയും അടക്കണം.
നാല് മുതല്‍ ആറുവരെ പ്രതികളായ നേമം പള്ളിച്ചല്‍ സ്വദേശിയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുമായ ടി. അജിത്കുമാര്‍, വെള്ളറട കെ.പി ഭവനില്‍ മുന്‍ എസ്.പി ഇ.കെ. സാബു എന്നിവര്‍ക്ക് ആറുവര്‍ഷം തടവ് ശിക്ഷയുമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്ജി ജെ. നാസര്‍ വിധിച്ചത്. വട്ടിയൂര്‍ക്കാവ് സ്വദേശി മുന്‍ എസ്.പി ടി.കെ. ഹരിദാസിന് മൂന്ന് വര്‍ഷം തടവും വിധിച്ചു. സിബിഐ പ്രത്യേക ജഡ്ജി കെ.നാസറാണു കേസ് പരിഗണിച്ചത്.