ദില്ലി (www.mediavisionnews.in): 2020 ഓടെ രാജ്യത്ത് ബിഎസ് നാല് വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. 2020 ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് നാല് വാഹനങ്ങളുടെ വില്‍പ്പന അനുവദിക്കരുതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
മലിനീകരണം കുറഞ്ഞ ബിഎസ് – 6 വാഹനങ്ങളുടെ പാരിസ്ഥിതിക പ്രയോജനം ലഭ്യമാക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ നീക്കം. ബിഎസ് നാല് വാഹനങ്ങളില്‍ ബിഎസ് -6 ഇന്ധനം ഉപയോഗിക്കുന്നത് ഫലപ്രദമല്ലെന്നാണ് കേന്ദ്രം പറയുന്നത്. ബി എസ് -6 ഇന്ധനങ്ങള്‍ക്കായി 28,000 കോടിരൂപ നിക്ഷേപിച്ചിട്ടുണ്ട്. മാത്രമല്ല അന്തരീക്ഷ മലിനീകരണം മൂലം ദില്ലിയില്‍ ആളുകള്‍ മരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരും അമിക്കസ് ക്യൂറിയും കോടതിയില്‍ ചൂണ്ടിക്കാട്ടി.
2017 ഏപ്രില്‍ മുതല്‍ രാജ്യത്ത് ബിഎസ് ത്രീ വാഹനങ്ങളുടെ വിൽപ്പന നിരോധിച്ചിരുന്നു. അന്തരീക്ഷ മലീനികരണം കുറയ്ക്കാനായിരുന്നു സുപ്രീംകോടതി ഉത്തരവ്. 96,724 വാണിജ്യ വാഹനങ്ങളും 6.7 ലക്ഷം ഇരു ചക്ര വാഹനങ്ങളും, 40,048 മുചക്ര വാഹനങ്ങളും 16,198 കാറുകളും അതോടെ നിരത്തൊഴിഞ്ഞു. ഇപ്പോള്‍ ബി എസ് – 4 വാഹനങ്ങള്‍ മാത്രമാണ് വില്‍ക്കുന്നത്.
രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്. ഇതിന്‍റെ ചുരുക്കെഴുത്താണ് ബി എസ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടംഘട്ടമായാണ് നിലവാര പരിധി നടപ്പാക്കുക. ബിഎസ് 1-ല്‍ തുടങ്ങി നിലവില്‍ ഇത് ബിഎസ് 4-ല്‍ എത്തി നില്‍ക്കുന്നു.
ഇന്ത്യയില്‍ മലിനീകരണ തോത് വളരെക്കൂടുതലായതിനാല്‍ 2020-ഓടെ ബിഎസ് 6 നിലവാരം കൈവരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ബിഎസ് 5 നിലവാരത്തില്‍ തൊടാതെയാണ് ഒറ്റയടിക്ക് ബിഎസ് 6-ലേക്ക് കടക്കുന്നത്. അതോടെ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണം ഗണ്യമായി കുറയും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.