കൊളംബൊ (www.mediavisionnews.in): ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജിന്റെ തകര്‍പ്പന്‍ ബൗളിംഗ്. ശ്രീലങ്കന്‍ ഇന്നിംഗ്‌സിലെ ഒന്‍പത് വിക്കറ്റുകളും പിഴുത് മഹാരാജ് ചരിത്രം കുറിച്ചു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ദക്ഷിണാഫ്രിക്കന്‍ താരമാണ് മഹാരാജ്. എന്നാല്‍ മഹാരാജിന്റെ മികച്ച പ്രകടനത്തിനിടയിലും സന്ദര്‍ശകര്‍ തോല്‍വിയിലേക്ക് നീങ്ങുകയാണ്.
ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 338 റണ്‍സിനെതിരെ ദക്ഷിണാഫ്രിക്ക വെറും 124 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ധനഞ്ജയ, നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ദില്‍റുവാന്‍ പെരേര എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
വെറും 34.5 ഓവറിലാണ് ദക്ഷിണാഫ്രിക്ക പുറത്തായത്. 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി, 32 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്ക്, 19 റണ്‍സെടുത്ത അംല, 11 റണ്‍സെടുത്ത ബവുമ എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
നേരത്തെ ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സില്‍ 338 റണ്‍സിന് പുറത്തായിരുന്നു. മഹാരാജിന്റെ ഒറ്റയാള്‍ പ്രകടനം മാത്രമാണ് എടുത്തുപറയാനുള്ളത്. 41.1 ഓവറില്‍ 129 റണ്‍സ് വഴങ്ങിയാണ് മഹാരാജ് ഒന്‍പത് വിക്കറ്റുകള്‍ പിഴുതത്. നേരത്തെ 1957 ല്‍ ഇംഗ്ലണ്ടിനെതിരെ ടൈഫീല്‍ഡ് 113 റണ്‍സ് വഴങ്ങി ഒന്‍പത് വിക്കറ്റ് വീഴ്ത്തിയിരുന്നു.