ഇന്ത്യാവിഷന്‍റെ ലൈസന്‍സ് റദ്ദാക്കി; മലയാളിയുടെ വാര്‍ത്താ സംസ്കാരത്തെ മാറ്റിയെഴുതിയ ചാനല്‍ ഇനി ചരിത്ര താളുകളില്‍

0
188

ന്യൂ​ഡ​ല്‍​ഹി(www.mediavisionnews.in): മലയാളിയുടെ വാര്‍ത്താ സംസ്കാരത്തെ മാറ്റിയെഴുതിയ ഇന്ത്യാവിഷന്‍ ഇനി ചരിത്രത്തിന്റെ താളുകളിലേക്ക്. മലയാളത്തിലെ ഏറ്റവും പ്രമുഖ ന്യൂസ് ചാനലുകളിലൊന്നായിരുന്ന ഇന്ത്യാവിഷന്റെ ലൈസന്‍സ് റദ്ദാക്കി.

ദൈനംദിന പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്നും പെര്‍മിഷന്‍ ഫീസ് അടയ്ക്കാന്‍ കഴിയാത്തതിന്റെ പേരിലുമാണ് കേന്ദ്രസര്‍ക്കാരിന്റെ വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയം മലയാളത്തിലെ ആദ്യത്തെ ഇരുപത്തിനാല് മണിക്കൂര്‍ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്റെ ലൈസന്‍സ് റദ്ദാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യാ വിഷന്‍, ലൈവ് ഇന്ത്യ എന്നീ ന്യൂസ് ചാനലുകള്‍ ഉള്‍പ്പെടെ 147 ചാനലുകളാണ് രാജ്യത്ത് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ റദ്ദാക്കിയത്. 867 ചാനലുകള്‍ക്കാണ് രാജ്യത്ത് നിലവില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്.

അല്‍ജസീറയുടെ ഇംഗ്ലീഷ് ചാനല്‍, എന്‍.ഡി.ടി.വിയുടെ മെട്രോ നേഷന്‍ തുടങ്ങിയ ചാനലുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചവയുടെ പട്ടികയില്‍ പെടും. ആഭ്യന്തര സുരക്ഷ മുന്‍ നിര്‍ത്തിയാണ് എ.ബി.സി ന്യൂസ്, വോയ്‌സ് ഓഫ് നേഷന്‍, ഫോക്കസ് ന്യൂസ്, ലെമണ്‍ ന്യൂസ് എന്നീ ചാനലുകള്‍ നിരോധിച്ചിട്ടുള്ളത്.

മലയാളികള്‍ക്കിടയില്‍ ഏറ്റവുമധികം സ്വാധീനമുറപ്പിച്ച വാര്‍ത്താ ചാനലുകളിലൊന്നായിരുന്നു 2003ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്ത്യാവിഷന്‍. മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ. മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിനാണ് ചാനലിന്റെ ഉടമസ്ഥാവകാശം.

ജമാലുദ്ദീന്‍ ഫാറൂഖി ആയിരുന്നു റെസിഡന്റ് എഡിറ്റര്‍. മലയാള ദൃശ്യമാധ്യമ രംഗത്തെ പ്രമുഖരായ എം.വി. നികേഷ് കുമാര്‍, എം.പി. ബഷീര്‍ തുടങ്ങിയവരെല്ലാം ഇന്ത്യാവിഷന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ്. മലയാളിയുടെ പൊതു ജീവിതത്തെയും ചിന്താധാരയെയും നിര്‍ണയിച്ച ചാലക ശക്തിയായിരുന്നു ഒരു കാലത്ത് ഇന്ത്യാവിഷന്‍.

മലയാള മാധ്യമങ്ങളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന നിരവധി പ്രമുഖരായ മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യാവിഷനിലൂടെ വളര്‍ന്നുവന്നവരായിരുന്നു, കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഐസ് ക്രീം പാര്‍ലര്‍ പീഡന കേസും മാറാട് കലാപ റിപ്പോര്‍ട്ടുമെല്ലാം പുറംലോകത്തെത്തിച്ചത് ഇന്ത്യാവിഷന്‍ ആയിരുന്നു.

എന്നാല്‍ നിരവധി പുതിയ വാര്‍ത്താ ചാനലുകള്‍ കടന്നുവന്നതോടെ സാമ്ബത്തികമായ പ്രതിസന്ധിയില്‍ പെട്ട ഇന്ത്യാവിഷന്‍ പ്രവര്‍ത്തനം തുടങ്ങി പത്താം വര്‍ഷത്തിലാണ് പൊടുന്നനെ സംപ്രേഷണം അവസാനിപ്പിച്ചത്. ഇപ്പോഴിതാ ലൈസന്‍സും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here