ഉത്തര്‍പ്രദേശ് (www.mediavisionnews.in):ഉത്തര്‍പ്രദേശിലെ പ്രധാനപ്പെട്ടതും പുരാതനവും ആയ നഗരങ്ങളിലൊന്ന്, അലഹബാദിന്റെ പേര് പ്രയാഗ് എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്ങ്. ഇക്കാര്യമാവശ്യപ്പെട്ട് സിദ്ധാര്‍ത്ഥ് നാഥ് സിങ് ഗവര്‍ണര്‍ രാം നായിക്കിന് കത്തയച്ചു.
ബോംബെയുടെ പേര് മുംബൈ എന്നാക്കി മാറ്റിയതു പോലെ അലഹബാദിന്റെ പേര് മാറ്റാന്‍ സഹായിക്കണമെന്നാണ് സിദ്ധാര്‍ത്ഥ് നാഥ് സിങിന്റെ ആവശ്യം. ബോംബെയെ മുംബൈ എന്ന് പുനര്‍നാമകരണം ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഇപ്പോഴത്തെ യു.പി ഗവര്‍ണര്‍ രാം നായിക്കായിരുന്നു.
ഗവര്‍ണര്‍ക്ക് മന്ത്രി കത്ത് നല്‍കിയതിനു പിന്നാലെ തന്നെ ആദിത്യനാഥ് സര്‍ക്കാര്‍ അലഹബാദിന്റെ പേരുമാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷത്തെ കുംഭമേളയ്ക്ക് മുന്‍പായി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് നദികളുടെ ( ഗംഗ, യമുന, സരസ്വതി ) സംഗമ സ്ഥലമായ പ്രയാഗിലാണ് 12 വര്‍ഷത്തിലൊരിക്കല്‍ കുംഭ മേള സംഘടിപ്പിക്കുന്നത്. അതു കൊണ്ടു തന്നെയാണ് സംഘപരിവാര്‍ മതപരമായി വലിയ പ്രാധാന്യം കൊടുക്കുന്ന പ്രയാഗിന്റെ പേര് തന്നെ അലഹബാദിന് നല്കി വര്‍ഗീയ ധ്രുവീകരണത്തിന് കോപ്പ് കൂട്ടുന്നത്.
ഈ വര്‍ഷം മെയ് മാസത്തില്‍ അലഹാബാദിലെത്തിയ അഖില ഭാരതീയ അഖാഡ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഹൈന്ദവ സന്യാസിമാര്‍ ആദിത്യനാഥിനെ സന്ദര്‍ശിച്ച് നഗരത്തിന്റെ പേര് പ്രയാഗ്രാജ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം യോഗി ആദിത്യനാഥ് അംഗീകരിച്ചുരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്.
1580-ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബറിന്റെ ഭരണകാലത്താണ് നഗരത്തിന്റെ പ്രയാഗ് എന്ന പേരുമാറ്റി അല്ലാഹുവിന്റെ സ്ഥലം എന്ന അര്‍ത്ഥമുള്ള അലഹബാദ് എന്നാക്കി മാറ്റിയതെന്നാണ് ബി ജെ പി നേതാവ് പറയുന്നത്.
2014-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലും 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആസൂത്രണം ചെയ്ത് നടപ്പിലാക്കി വിജയിച്ച ധ്രുവീകരണ തന്ത്രം കുറച്ചു കൂടി ശക്തമായി നടപ്പിലാക്കാന്‍ യോഗി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആരോപണം ശരി വെയ്ക്കുന്നതാണ് ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ നടപടികളും നേതാക്കളുടെ പ്രസ്താവനകളും വെളിവാക്കുന്നത്.