ദില്ലി (www.mediavisionnews.in): തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ ക്രിമിനല്‍ ഗൂഢാലോചനയും കേരളെ പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചയും അന്വേഷിക്കുന്നതായി സിബിഐ. ഷുക്കൂര്‍ വധക്കേസിലെ തുടര്‍ അന്വേഷണ ഉത്തരവിനെതിരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കെ പ്രകാശന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് കൊലപാകത്തിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്നതായി സിബിഐ വെളിപ്പെടുത്തിയിരിക്കുന്നത്. കേസിലെ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച് അന്വേഷിച്ചില്ല എന്ന് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ആരോപിച്ചിരുന്നു.
കേസിലെ എല്ലാ പ്രതികളും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും, ടിവി രാജേഷ് എംഎല്‍എയും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി സിബിഐ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജയരാജനും രാജേഷിനും എതിരെ ശക്തമായ അന്വേഷണം നടന്നില്ല എന്നും ഇരുവര്‍ക്കും എതിരെ വേണ്ടത്ര തെളിവുകള്‍ കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസ് ശേഖരിച്ചില്ല എന്നും ആത്തിക്ക പരാതിപ്പെട്ടിരുന്നു.
ജയരാജനും രാജേഷിനും എതിരായ അന്വേഷണം ദുര്‍ബലപ്പെടുത്തിയോ എന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി സിബിഐ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ക്ക് എതിരെ ശക്തവും നിക്ഷ്പക്ഷവുമായ തെളിവുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അന്വേഷണത്തില്‍ പരിഗണിക്കാത്ത ഏതെങ്കിലും തെളിവുകള്‍ കേരള പൊലീസിന്റെ പക്കല്‍ ഉണ്ടോ എന്ന കാര്യവും സിബിഐ അന്വേഷിക്കുന്നതായും തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച അന്വേഷണ തല്‍സ്ഥിതി പരിഗണിച്ച ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ സിബിഐയോട് നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ പേരില്‍ കേന്ദ്ര പൊലീസ് തന്നെ പീഡിപ്പിക്കുന്നതായി പി ജയരാജനും കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിക്കഴിഞ്ഞ കേസാണ് സിബിഐയുടെ അന്വേഷണത്തിന് ഹൈക്കോടതി വിട്ടതെന്നു പ്രതികളായ പി ജയരാജനും കെ പ്രകാശനും വേണ്ടി ഹാജരായ ആര്‍ ബസന്തും പിവി ദിനേശും വാദിച്ചു. കേസ് സിബിഐക്കു കൈമാറും മുന്‍പ് ഹൈക്കോടതി കക്ഷികളുടെ വാദം കേട്ടില്ല എന്നും ഇരുവരും ചൂണ്ടിക്കാട്ടി.
2012 ഫെബ്രുവരി 20ന് പട്ടുവം അരിയിലില്‍ പി ജയരാജനും ടിവി രാജേഷും ആക്രമിക്കപ്പെട്ടതിന്റെ തിരിച്ചടിയായി മണിക്കൂറുകള്‍ക്കുശേഷം സിപിഐഎം ശക്തികേന്ദ്രമായ കീഴറ വള്ളുവന്‍കടവില്‍വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടത്തെല്‍. സിപിഐഎം നേതാക്കള്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്ബിനു സമീപം പട്ടുവത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചു മണിക്കൂറുകള്‍ക്കകം സിപിഐഎം ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ തടഞ്ഞുവച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. ഈ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പടിവിച്ച ഉത്തരവില്‍ സ്വയം പ്രഖ്യാപിത നാട്ടുരാജാക്കന്‍മാര്‍ അപ്രമാദിത്തത്തോടെ ഭരിക്കുമ്ബോള്‍ നിയമപരിപാലനം ദുരന്തമാകുമെന്നും ഹീനകുറ്റങ്ങള്‍ ചെയ്യുന്നവരെ രക്ഷിക്കാനുള്ള ഭീഷണി തന്ത്രങ്ങള്‍ക്കു കോടതി മൂകസാക്ഷി ആകില്ലെന്നും വ്യക്തമാക്കിയിരുന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൂടുതല്‍ അന്വേഷണം വേണം എന്ന് അക്കാലത്ത് സംസ്ഥാന പൊലീസ് മേധാവി ആയിരുന്ന ടിപി സെന്‍കുമാര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യവും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.