അബുദാബി- കണ്ണൂര്‍ വിമാന സര്‍വീസിന് അനുമതി; പ്രവാസികള്‍ ആഹ്ലാദതിമിര്‍പ്പില്‍

0
169

അബുദാബി (www.mediavisionnews.in): കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്കും ദമാമിലേക്കും വിമാന സര്‍വീസുകള്‍ക്ക് അനുമതിനല്‍കിയ വിവരം പുറത്തറിഞ്ഞതോടെ അബുദാബിയിലെ പ്രവാസികള്‍ക്ക് ഇരട്ടി ആഹ്ലാദം. ജെറ്റ് എയര്‍വേയ്സ്, ഗോ എയര്‍ വിമാന സര്‍വീസുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ അറിയിച്ചതാണ് ഇക്കാര്യം.

നിര്‍മാണം പൂര്‍ത്തിയായ കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ്. ഉദ്ഘാടനം സെപ്തംബറില്‍ നടത്താന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തെ വടക്കന്‍ കേരളത്തിലെ യാത്രക്കാര്‍ കാണുന്നത്. വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെയും അന്താരാഷ്ട്ര വിമാനത്താവളവുമാകും ഇത്. റണ്‍വേ നാലായിരം മീറ്റര്‍ ആകുന്നതോടെ ജംബോ വിമാനങ്ങള്‍ കണ്ണൂരിലിറങ്ങും.

രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂര്‍ മാറും. കണ്ണൂര്‍- ദോഹ റൂട്ടില്‍ ഇന്‍ഡിഗോയും, കണ്ണൂര്‍- അബുദാബി, കണ്ണൂര്‍ – മസ്‌കറ്റ്, കണ്ണൂര്‍- റിയാദ് റൂട്ടുകളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും അപേക്ഷിച്ചിട്ടുണ്ടെന്നും ഈ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്താന്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത് നയത്തിന്റെ അടിസ്ഥാനത്തിലാകും. വി മുരളീധരന്‍ എം പി ക്കൊപ്പമാണ് കണ്ണന്താനം സുരേഷ് പ്രഭുവിനെ കണ്ടത്. അബുദാബി കണ്ണൂര്‍ വിമാനത്തിന് അനുമതി നല്‍കിയ വ്യോമയാന മന്ത്രിയുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് ഐ സി എഫ് ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് പരപ്പ വ്യക്തമാക്കി.

പിന്നിട്ട വഴികള്‍
1996 ജനുവരി 19 ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി എം ഇബ്രാഹിമാണ് കണ്ണൂര്‍ വിമാനത്താവളത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപിക്കുന്നത്. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി കര്‍മ്മ സമിതി രൂപവത്കരിച്ചു. എങ്കിലും ഈ പ്രവര്‍ത്തനം സര്‍ക്കാര്‍ തലത്തില്‍ ഏറെ പുരോഗമിച്ചില്ല. പിന്നീട് 2005വരെ എല്‍ഡിഎഫ്- യുഡിഎഫ് ഭരണകാലയളവില്‍ കാര്യമായ പുരോഗതി പ്രാപിച്ചില്ല. കേന്ദ്രാനുമതി ലഭിക്കാത്തതായിരുന്നു കാരണം.

2005 ഏപ്രില്‍ 29 ന് കേന്ദ്ര മന്ത്രിസഭ വിമാനത്താവളത്തിന് തത്ത്വത്തില്‍ അംഗീകാരം നല്‍കി. തുടര്‍ന്ന് അന്നത്തെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ 192 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. 2006ല്‍ വി എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കലിനു കിന്‍ഫ്രയെ ഏര്‍പ്പെടുത്തി. ഫാസ്റ്റ് ട്രാക്കില്‍ 2000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2008 ഫെബ്രവരിയില്‍ എയര്‍പോര്‍ട്ടിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.

2008 ജൂലൈയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 2008 ജൂലൈയില്‍ മുന്‍ എയര്‍ ഇന്ത്യ ചെയര്‍മാനായിരുന്ന വി തുളസീദാസിനെ വിമാനത്താവളം സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. 2009 ഡിസംബറില്‍ മുഖ്യമന്ത്രി ചെയര്‍മാനായി കിയാല്‍(കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) എന്ന െ്രെപവറ്റ് കമ്പനി രൂപവത്കരിച്ചു.

2010 ഫെബ്രുവരി 27 ന് പൊതുമേഖലാ സ്വകാര്യ സംരംഭങ്ങളുടെ സംയുക്ത പങ്കാളിത്ത വ്യവസ്ഥയില്‍ വിമാനത്താവളം പണിയാമെന്ന് തിരൂമാനിച്ച് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി നിലവില്‍ വന്നു. 2010 ആഗസ്റ്റ് കിയാലിനെ പൊതുമേഖല കമ്പനിയായി പരിവര്‍ത്തിപ്പിച്ചു.

2010 ഡിസംബര്‍ 17 ന് വി എസ് അച്യുതാനന്ദന്‍ വിമാനത്താവളത്തിന് തറക്കല്ലിട്ടു. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സംബന്ധിച്ചു. 2012 ഡിസംബര്‍ 6ന് കിയാല്‍ പ്രൊജക്ട് ഓഫിസ് മട്ടന്നൂരില്‍ പ്രവര്‍ത്തനം തുടങ്ങി. 2012 ഏപ്രില്‍ നാലിന് എയര്‍പോര്‍ട്ടിന്റെ ഓഹരിമൂലധനമായി 1000 കോടി രൂപ സമാഹരിക്കാന്‍ കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് പ്രമോഷന്‍ സൊസൈറ്റി രൂപവത്കരിച്ചു. 2013 ജുലൈയില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര പരിസ്ഥിതി അനുമതി ലഭിച്ചു.

2013 ആഗസ്ത് 20ന് വിമാനത്താവളത്തിലെ ഗ്രീന്‍ ബെല്‍റ്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. 2014 ഫെബ്രുവരി 2ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. 2014 ജൂലൈ അഞ്ചിന് ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.

2014 ആഗസ്റ്റ് 25ന് ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ബില്‍ഡിംഗ്, എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, ടെക്‌നിക്കല്‍ ബില്‍ഡിംഗ്, ഇആന്റ്എം ഉപകരണങ്ങള്‍ തുടങ്ങിയ നിര്‍മാണ പ്രവൃത്തികള്‍ 498.70 കോടി രൂപ്ക്ക് ലാര്‍സണ്‍ ആന്റ് ട്രൂബ്രോ കമ്പനി ടെന്‍ഡര്‍ ലഭിച്ചു.

2016 ജനുവരി 30 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ നടത്തുന്നതിന്റെ മുന്നോടിയായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) അധികൃതര്‍ പരിശോധിച്ചു. തുടര്‍ന്ന് ഫെബ്രുവരിയില്‍ പരീക്ഷണപ്പറക്കല്‍ നടത്താന്‍ തീരുമാനിച്ചു. 2016 ഫെബ്രുവരി 29 ന് ആദ്യ പരീക്ഷണ പറക്കല്‍ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here