അനര്‍ഹരായ 10 ലക്ഷം പെന്‍ഷന്‍കാര്‍ പുറത്താകും

0
171

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് അനര്‍ഹമായി പെന്‍ഷന്‍വാങ്ങുന്നവര്‍ക്ക് പിടിവീഴും. 10 ലക്ഷത്തിലധികംപേര്‍ അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നുവെന്നാണ് നിഗമനം. ഇവരെ തിരിച്ചറിയാന്‍ അരിച്ചുപെറുക്കിയുള്ള പരിശോധന നടത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സെന്‍സസ് അനുസരിച്ച് സംസ്ഥാനത്ത് 60 വയസുകഴിഞ്ഞവര്‍ 42.28 ലക്ഷമേയുള്ളൂ. എന്നാല്‍, വിവിധ സാമൂഹിക പെന്‍ഷന്‍ വാങ്ങുന്നവര്‍ 60 ലക്ഷവും. ഈ അന്തരമാണ് വ്യാജനെയും ഒറിജിനലിനെയും കണ്ടെത്താനുള്ള പരിശോധന നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

ആധാറിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. സംസ്ഥാനത്ത് 98ശതമാനംപേരും ആധാര്‍ നേടിയിട്ടുണ്ട്. പെന്‍ഷനുമായി ആധാര്‍ ലിങ്ക് ചെയ്യുന്നത് ഇതോടെ നിര്‍ബന്ധമാക്കും. ആധാര്‍ ലിങ്ക് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചിട്ടില്ലെങ്കിലും പെന്‍ഷന്‍കാരുടെ കാര്യത്തില്‍ ഇത് നിര്‍ബന്ധമാക്കാതെ വഴിയില്ല.

ബ്ലോക്ക് തലത്തില്‍ മഹിളാപ്രധാന്‍, എസ്.എ.എസ് ഏജന്റുമാര്‍ എന്നിവരെയാണ്
പരിശോധനയ്ക്ക് നിയോഗിക്കുക. ഇവര്‍ വീടുകളിലെത്തി പെന്‍ഷനുമായി ആധാര്‍ ലിങ്ക് ചെയ്യും. ഇതിനായി 10,333 ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ ഡിവൈസുകള്‍ അനുവദിക്കും. ഇത് വാങ്ങുന്നതിന് ഐ.ടി മിഷനെ ചുമതലപ്പെടുത്തി.

ഒരാള്‍ക്ക് രണ്ടുപെന്‍ഷനില്ല
പ്രതിമാസം 1100 രൂപയാണ് കുറഞ്ഞ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍.ഒരാള്‍ക്ക് രണ്ട് പെന്‍ഷന്‍ അനുവദിക്കില്ല. അതേസമയം വികലാംഗ പെന്‍ഷന്‍, ഇ.പി.എഫ് പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍ക്ക് നിശ്ചിതമാനദണ്ഡങ്ങള്‍ക്കനുസരിച്ച് 600 രൂപ മറ്റൊരു പെന്‍ഷനായികൂടി ലഭിക്കുന്നുണ്ട്.

അനര്‍ഹമായാല്‍ നടപടി
അപേക്ഷ പരിശോധിക്കാതെ അനര്‍ഹമായി പെന്‍ഷന്‍ അനുവദിച്ചത് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകും.

അനര്‍ഹര്‍ ആരെല്ലാം

1200 ചതുരശ്ര അടിയില്‍ കൂടുതല്‍
വിസ്തീര്‍ണമുള്ള വീടുള്ളവര്‍

1000സി.സിക്ക് മുകളില്‍ എന്‍ജിന്‍ശേഷിയുള്ള ടാക്‌സി ഇതരവാഹനമുള്ളവര്‍

വാര്‍ഷികകുടുംബ വരുമാനം ഒരുലക്ഷത്തില്‍ കൂടുതല്‍

രണ്ടേക്കറില്‍ കുറയാത്ത ഭൂമിയുള്ള കുടുംബത്തില്‍ നിന്നുള്ളവര്‍

മരിച്ചവര്‍, വിധവകളായി സുരക്ഷാപെന്‍ഷന് അര്‍ഹത നേടിയശേഷം പുനര്‍വിവാഹിതരായവര്‍, കാണാതായവര്‍

”ആധാര്‍ ഒരു നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയായി ഇടതുമുന്നണി അംഗീകരിച്ചിട്ടില്ല. സാമൂഹ്യക്ഷേമ, സുരക്ഷാ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ തുടര്‍ന്നും അത് ലഭിക്കാന്‍ തിരിച്ചറിയില്‍ രേഖ ഹാജരാക്കണം. അത് പെന്‍ഷന്‍ മാര്‍ഗ്ഗരേഖയാണ്. എന്നാല്‍ അനര്‍ഹരെ കണ്ടെത്താന്‍ ആധാര്‍ പരിഗണിക്കേണ്ടിവരും.
ടി.എം.തോമസ് ഐസക്
ധനമന്ത്രി

സാമൂഹ്യക്ഷേമപെന്‍ഷന്‍
വാങ്ങുന്നവര്‍ 10 ലക്ഷം
സാമൂഹ്യസുരക്ഷാപെന്‍ഷന്‍- 42.5 ലക്ഷം.
സര്‍വീസ് പെന്‍ഷന്‍- 5.2 ലക്ഷം
സൈനിക പെന്‍ഷന്‍ ഉള്‍പ്പെടെ
ഇതര പെഷന്‍നുകള്‍- 2.5 ലക്ഷം
സാമൂഹിക സുരക്ഷാ
പെന്‍ഷനുവേണ്ടി വരുന്നത് 6420 കോടി
അനര്‍ഹരെ മാറ്റുമ്പോള്‍
സര്‍ക്കാരിന് നേട്ടം 1100 കോടി

LEAVE A REPLY

Please enter your comment!
Please enter your name here