കാസര്‍കോട് (www.mediavisionnews.in): വാഹനങ്ങളുടെ കൂട്ടിയിടിക്കും ഒരുകുട്ടിയുടെ മരണത്തിനും കാരണമായത് ദേശീയപാതയിലെ ഒളിഞ്ഞിരിക്കുന്ന കുഴി. നിനച്ചിരിക്കാതെയായിരുന്നു അടുക്കത്ത്ബയലില്‍ അപകമുണ്ടായത്. ദേശീയപാതയിലൂടെ പോകുമ്പോൾ കാറിന്റെ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടെന്നാണ് റോഡിലെ കുഴി വരുന്നത്. ബ്രേക്കിട്ടതോടെ പിന്നെ സംഭവിച്ചത് എന്തൊക്കെയാണെന്ന് നാട്ടുകാര്‍ക്കുപോലും വിവരിക്കാന്‍കഴിയുന്നില്ല.
കടുത്ത ശബ്ദവും നിലവിളിയുമാണ് ഉയര്‍ന്നത്. ഏത് വാഹനങ്ങളൊക്കെയാണ് ഇടിച്ചതെന്നുപോലും മനസ്സിലായില്ല. നല്ല മഴയുള്ള സമയവുമായിരുന്നു. കാറിന്റെ പിറകില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചതും നിയന്ത്രണംവിട്ട കാര്‍ എവിടെയൊക്കെയോ പാഞ്ഞുകയറി ഇടിച്ചുതകരുന്നതുമൊക്കെ ഒരുമിന്നല്‍പ്പിണരിന്റെ വേഗത്തിലായിരുന്നു.
റോഡിലെ കുഴി കണ്ടതോടെ പെട്ടെന്ന് ബ്രേക്കിടുകയും വെട്ടിച്ചുമാറ്റാനും കാര്‍ ഡ്രൈവര്‍ ശ്രമിച്ചതാകാം അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് പറയുന്നത്. ഇതോടെ പിന്നാലെയെത്തിയ ടൂറിസ്റ്റ് ബസ് കാറിന്റെ പിറകിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍ഭാഗം കാര്യമായി തകര്‍ന്നിരുന്നു. പക്ഷേ, ഇടിയുടെ ശക്തിയില്‍ കാര്‍ മുന്നോട്ടുനീങ്ങി. മുമ്ബിലുണ്ടായിരുന്ന ബൈക്കുകളില്‍ പാഞ്ഞുകയറി. ഇതിലാണ് കുട്ടി മരിക്കുന്നതും കുറപ്പേര്‍ക്ക് പരിക്കേല്‍ക്കുന്നതും.