ദില്ലി (www.mediavisionnews.in): മുത്തലാഖിനെ പിന്നാലെ മുസ്ലീം സമുദായത്തിലെ മറ്റു ചില ആചാരങ്ങളെയും എതിർക്കാനുള്ള തീരുമാനത്തിൽ ഇറച്ച് നിൽക്കുന്നതായി കേന്ദ്ര സർക്കാർ . നിക്കാഹ് ഹലാല, ബഹുഭാര്യത്വം തുടങ്ങിയ ആചാരങ്ങളെ സുപ്രീം കോടതിയിൽ എതിർക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. നിക്കാഹ് ഹലാലയും, ബഹുഭാര്യത്വവും ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന വാദമാണ് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ ഉന്നയിക്കുക.
നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും ചോദ്യം ചെയ്ത് നിലവിൽ നാല് ഹർജികളാണ് സുപ്രീം കോടതിയിൽ ഉള്ളത്. ഇൗ വിഷയത്തിൽ പ്രതികരണം തേടി കേന്ദ്രസർക്കാരിനും അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമബോർഡിനും കോടതി പ്രതികരണം തേടി കോടതി നോട്ടീസ് അയച്ചിരുന്നു.
വിവാഹ മോചനം നടത്തിയ ഭാര്യയെ വീണ്ടും വിവാഹം ചെയ്യുന്ന രീതിയാണ് നിക്കാഹ് ഹലാല. ഇത്തരത്തില്‍ വീണ്ടും വിവാഹം നടക്കണമെങ്കില്‍ ഭാര്യയെ മറ്റൊരാള്‍ വിവാഹം ചെയ്യണം. പിന്നീട് അയാളിൽ നിന്ന് വിവാഹ മോചനം നേടണം. ബന്ധം ഒഴിഞ്ഞ് നിശ്ചിത കാലയളവിന് ശേഷം മാത്രമേ ആദ്യ ഭര്‍ത്താവിന് അതേ സ്ത്രീയെ വീണ്ടും വിവാഹം കഴിക്കാന്‍ പറ്റൂവെന്നതാണ് നിക്കാഹ് ഹലാല. നിക്കാഹ് ഹലാല നിരോധിക്കണമെന്ന ഹർജികൾ സുപ്രീംകോടതി പരിഗണിക്കാൻ ഇരിക്കെയാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.
നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും ലിംഗനീതിക്ക് എതിരാണെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. മുത്തലാഖ് വിഷയം പരിഗണിച്ചപ്പോഴും ഈ നിലപാട് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും ഒറ്റയടിക്കുള്ള മുത്തലാഖ് വിഷയമെ പരിഗണിക്കൂവെന്നാണ് കോടതി പറഞ്ഞത്. നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും വേറെ പരിഗണിക്കാമെന്നും സുപ്രീം കോടതി അറിയിക്കുകയായിരുന്നു.
ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ,സമീന ബീഗം ,നഫീസ ബീഗം, മുഹ്സിൻ കാദ്രി എന്നിവർ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. രണ്ട് ആചാരങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം . സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്ന സമ്പ്രദായങ്ങളാണിതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സമീന ബീഗം നേരത്തെ ബഹുഭാര്യത്വത്തിന്റെ ഇരയായിരുന്നു.
മുസ്ലീം സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ഭാരതിയ മുസ്ലീം മഹിളാ ആന്തോളൻ നിക്കാഹ് ഹലാലയ്ക്കും ബഹുഭാര്യത്വത്തിനുമെതിരായ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ട്. ഖുറാൻ നിയമങ്ങൾ അനുസരിച്ച് , എന്നാൽ ഭരണഘടനയുമായി യോജിച്ച് പോകുന്ന നിയമങ്ങളാണ് തങ്ങൾക്ക് വേണ്ടത്, നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും നിയമവിരുദ്ധമായി കണക്കാക്കണം, ഈ കാലഘട്ടത്തിൽ ഇത്തരം ആചാരങ്ങൾ ആവശ്യമില്ല. ഹിന്ദു സ്ത്രീകളും ക്രിസ്റ്റ്യൻ സ്ത്രീകളും അനുഭവിക്കുന്ന നിയമ പരിരക്ഷ തങ്ങൾക്കും വേണമെന്നും ബിഎംഎംഎ നേതാവ് സാകിയ പറഞ്ഞു.
കഴിഞ്ഞ വർഷമാണ് ഒറ്റയടിക്കുള്ള മുത്തലാഖ് നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ച് വിധിച്ചത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോക്സഭ അംഗാകരിച്ചെങ്കിലും രാജ്യസഭയിൽ പാസായിട്ടില്ല. കേന്ദ്രസർക്കാരിന് ഭൂരിപക്ഷമില്ലാത്ത ഉപരിസഭയിൽ ബിൽ പാസാക്കണമെങ്കിൽ പ്രതിപക്ഷ പിന്തുണ വേണം. മുത്തലാഖ് ബിൽ പാസക്കുന്നതിനായി സോണിയ ഗാന്ധി, മമതാ ബാനർജി ,മായാവതി എന്നിവരുടെ പിന്തുണ നേരത്തെ കേന്ദ്രസർക്കാർ തേടിയിരുന്നു.ബില്ലിലെ വ്യവസ്ഥ പ്രകാരം മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തിയാൽ മൂന്ന് വർഷം തടവും പിഴയുമാണ് ശിക്ഷ.