ഹൗസ് ഡ്രൈവറെ പ്രണയിച്ച സൗദി യുവതി; കാമുകനെ തേടി ഇന്ത്യയിലെത്തി!! പിന്നാലെ അറബിയും

0
156

(www.mediavisionnews.in)സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലിക്കെത്തിയ ഇന്ത്യക്കാരനെ പ്രണയിച്ചു കഫീലിന്റെ മകള്‍. രഹസ്യ പ്രണയം മാസങ്ങള്‍ നീണ്ടു. അറബിയും ബന്ധുക്കളും അറിയാതെ അവര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചുറപ്പിച്ചു. ഏറെ നാള്‍ക്ക് ശേഷം ഇന്ത്യക്കാരന്‍ അവധിക്ക് നാട്ടിലേക്ക് തിരിച്ചു. യുവതിക്ക് കാമുകനെ കാണാതെ ഉറക്കം കിട്ടിയില്ല. ഒടുവില്‍ വീട്ടുകാരറിയാതെ പുറപ്പെട്ടു. നേരിട്ട് ഇന്ത്യയിലേക്ക് വന്നില്ല. പകരം മറ്റൊരു രാജ്യം വഴി സാഹസിക യാത്ര. നിയമവിരുദ്ധമായി ഇന്ത്യയില്‍ കടന്നു. പിന്നീടുണ്ടായത് ആരെയും ആശ്ചര്യപ്പെടുത്തുന്ന സംഭവങ്ങള്‍.

സൗദിയില്‍ ഡ്രൈവര്‍ വിസയില്‍ ജോലിക്കെത്തിയ ഇന്ത്യക്കാരന് 30 വയസ്. തെലങ്കാനയിലെ നിസാമാബാദില്‍ നിന്നുള്ള യുവാവാണ് ഇയാള്‍. അറബിക്കൊപ്പം സദാ സമയം പോകണം. ഇടയ്ക്ക് വീട്ടുകാരുമായും പുറത്തുപോകണം. അതിനിടെ അറബിയുടെ 27കാരിയായ മകളുമായി പരിചയത്തിലായി.

മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ യുവാവ് നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കഴിഞ്ഞ ഫെബ്രുവരിയില്‍ നാട്ടിലേക്ക് പോന്നു. പിന്നീട് ഇരുവരും ഫോണില്‍ സ്ഥിരമായി സംസാരിക്കും. അതിനിടെ യുവതിക്ക് ഇന്ത്യക്കാരനെ കാണണമെന്ന് മോഹം. ഉടന്‍ തന്നെ കാണണമെന്ന് ഫോണില്‍ അറിയിച്ചു. യുവാവ് എന്തു ചെയ്യുമെന്നറിയാതിരിക്കുമ്പോഴാണ് യുവതി ഇന്ത്യയിലേക്ക് വരുന്നുവെന്ന് വിളിച്ചുപറഞ്ഞത്.

തൊട്ടുപിന്നാലെ അറബിയുടെ മകള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു. അവര്‍ ആദ്യം നേപ്പാളിലേക്കാണ് പോയത്. പിന്നീട് ബസ് മാര്‍ഗം ദില്ലിയിലെത്തി. അവിടെ യുവതിയെ കാത്ത് യുവാവുണ്ടായിരുന്നു. ശേഷം നിസാമാബാദിലേക്ക്. നിയമ വിരുദ്ധമായി ഇന്ത്യയില്‍ കടന്ന യുവതിക്ക് യാത്രയും താമസവും ദുസ്സഹമാകുമെന്ന് ഉറപ്പായി. ഇരുവരും പോലീസ് സ്‌റ്റേഷനില്‍ പോയി കാര്യങ്ങള്‍ ധരിപ്പിച്ചു.

യാത്രയ്ക്കും താമസത്തിനുമുള്ള തടസം നീക്കണമെന്ന് അപേക്ഷ സമര്‍പ്പിച്ചു. സ്വമേധയാ താന്‍ ഇന്ത്യയിലേക്ക് പോന്നതാണെന്നും യുവാവ് കുറ്റക്കാരനല്ലെന്നും സൗദി യുവതി നിസാമാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ അവിനാശ് മൊഹന്തിക്ക് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കി. പോലീസ് അനുമതി ലഭിച്ചതോടെ ഇരുവരും വിവാഹിതരാകുകയും ചെയ്തു.

രണ്ടാഴ്ച മുമ്പ് സൗദിക്കാരനായ പിതാവ് യുവതിയെ തേടി ഇന്ത്യയിലെത്തി. സൗദിയില്‍ നടത്തിയ അന്വേഷണത്തില്‍ നേപ്പാളിലേക്ക് പോയിട്ടുണ്ടെന്ന വിവരം പിതാവിന് ലഭിച്ചു. ശേഷമാണ് ഇയാള്‍ തന്റെ ഡ്രൈവറെ വിളിച്ച് കാര്യം അന്വേഷിച്ചതും സംഭവങ്ങളെല്ലാം അറിഞ്ഞതും. പിന്നീട് താമസിച്ചില്ല. പിതാവ് ഇന്ത്യയിലേക്ക് പുറപ്പെടുകയായിരുന്നു.

സൗദി എംബസിയിലെത്തി സംഭവം വിശദീകരിച്ചു. എംബസി ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിസാമാബാദിലെത്തി പോലീസില്‍ പരാതി സമര്‍പ്പിച്ചു. തന്റെ മകളെ തട്ടിക്കൊണ്ടുവന്നുവെന്നും മകളെ തിരിച്ചുകിട്ടണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പോലീസ് പെണ്‍കുട്ടിയുടെ അഭിപ്രായം തേടി.

ഭര്‍ത്താവിനൊപ്പം ഇന്ത്യയില്‍ താമസിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് യുവതി പോലീസില്‍ രേഖാമൂലം ബോധിപ്പിച്ചു. ഇരുവരുടെയും വിവാഹം കഴിഞ്ഞത് പിതാവ് അറിഞ്ഞിരുന്നില്ല. വെള്ളിയാഴ്ചയാണ് പിതാവ് നിസാമാബാദിലെത്തിയത്.

ശനിയാഴ്ച പോലീസ് യുവതിയുടെ മൊഴിയെടുത്തു. വിവാഹം കഴിഞ്ഞെന്ന് അവള്‍ പോലീസിനെ അറിയിച്ചു. പോലീസ് ഇക്കാര്യം പിതാവിനെയും അറിയിച്ചു. ഇതോടെ പിതാവ് മകളുമായി സംസരിച്ചു. മകള്‍ ഇന്ത്യയില്‍ നില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെന്ന് പിതാവിന് ബോധ്യമായി. തുടര്‍ന്ന്് പിതാവ് സൗദിയിലേക്ക് തിരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here