പുകവലിയുടെ (www.mediavisionnews.in) സുരക്ഷിതവശമാണ് ഹുക്കവലി എന്നാണു പൊതുവേ ഉള്ള ഒരു വിശ്വാസം. ഹുക്കവലിക്കുന്നത് സ്റ്റൈലിന്റെ ഭാഗമായി പോലും പലരും കരുതുന്നുണ്ട്. ഇതിനു പിന്നില്‍ സോഷ്യല്‍ മീഡിയയുടെ കൈയുണ്ടെന്ന് പറഞ്ഞാല്‍ അത് അധികമാകില്ല. കാരണം ഇന്ന് സോഷ്യല്‍ മീഡിയ തന്നെയാണ് ഈ ഹുക്കയെ ഇത്രയും പ്രശസ്തനാക്കിയത്. സിനിമാതാരങ്ങള്‍ പോലും പരസ്യമായി ഹുക്ക വലിക്കുമ്പോള്‍ അതേറ്റു പിടിക്കാന്‍ ചെറുപ്പക്കാര്‍ക്ക് തോന്നുന്നതില്‍ കുറ്റം പറയാന്‍ കഴിയുമോ ?
ഫ്ലോറിഡയിലെയും വിസ്കോസിന്‍ സര്‍വ്വകലാശാലയിലെയും ഒരു പറ്റം ഗവേഷകരാണ് വര്‍ധിച്ചു വരുന്ന ഹുക്ക ഉപയോഗത്തെ കുറിച്ചൊരു പഠനം നടത്തിയത്. ഇതിലാണ് സോഷ്യല്‍ മീഡിയ ഇതിനു പിന്നില്‍ ചെലുത്തുന്ന പങ്കിനെ കുറിച്ചു വെളിവായത്. പുകവലി എങ്ങനെയൊക്കെ ആരോഗ്യത്തെ ബാധിക്കുമോ അതുപോലെ തന്നെയാണ് ഹുക്കയും. എന്നാല്‍ ഹുക്ക സുരക്ഷിതമാണ് എന്നാണു മിക്കവരുടെയും മിഥ്യാധാരണ.
ഹുക്കയെ പ്രോത്സാഹിപ്പിക്കുന്ന ഹാഷ്ടാഗുകള്‍ പോലും സമൂഹമാധ്യമങ്ങളില്‍ ഉണ്ടെന്നത് തന്നെ ഓര്‍ക്കണം. അനേകായിരം ഇത്തരം പോസ്റ്റുകള്‍ കൂടി പഠിച്ച ശേഷമാണ് ഈ ഗവേഷകര്‍ സമൂഹമാധ്യമങ്ങളും ഹുക്കയും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. 99.6 ശതമാനം ആളുകളും സമൂഹമാധ്യമങ്ങളില്‍ കാണുന്ന ഹുക്കവലി പോസ്റ്റുകളോട് പോസിറ്റീവായാണ് പ്രതികരിക്കുന്നത് എന്നതാണ് വിചിത്രം. പാര്‍ട്ടികള്‍, ഡിജെകള്‍ എന്നിവയില്‍ പങ്കെടുക്കുന്ന ചെറുപ്പക്കാര്‍ ഇത്തരം ഹുക്ക ചിത്രങ്ങള്‍ പ്രച്ചരിപ്പിക്കുണ്ട്. എന്നാല്‍ ഹുക്കയും ആരോഗ്യത്തിനു ഹാനീകരമാണ് എന്നത് ഇവര്‍ ഓര്‍ക്കുന്നില്ല.
ഹുക്ക ഉപയോഗിക്കുന്നതുവഴി വലിയ അളവില്‍ പുക ശ്വാസകോശത്തില്‍ പ്രവേശിക്കുന്നുണ്ട്. നിക്കോട്ടിന്‍ അടങ്ങിയതാണ് ഹുക്കയും. പുകവലി എങ്ങനെ നിങ്ങളെ അടിമയാക്കും അങ്ങനെ തന്നെ ഹുക്കയും പ്രവര്‍ത്തിക്കും. ഒരു മണിക്കൂര്‍ സമയം ഹുക്ക വലിച്ചാല്‍ അത് 5-7 പാക്കറ്റ് സിഗരറ്റ് വലിക്കുന്നതിന് സമമാണ് എന്ന് മിക്കവര്‍ക്കും അറിയില്ല. ശ്വാസകോശംരോഗങ്ങള്‍, ഹൃദ്രോഗം കാന്‍സര്‍ എന്നിവയെക്കെല്ലാം ഹുക്കയും കാരണമാകും. ഏകദേശം 200 കവിള്‍ പുകയാണ് ഒരുവട്ടം മാത്രം ഹുക്കയില്‍ നിന്നും നിങ്ങളുടെ ഉള്ളിലെത്തുന്നത്. സിഗരറ്റ് പുകയുമായി താരതമ്മ്യപ്പെടുത്തുമ്പോള്‍ ഹുക്കയുടെ പുകയില്‍ ലെഡ്, ആഴ്സനിക്ക്, നിക്കല്‍ എന്നിവയുടെ അംശം കൂടുതലാണ്. ഹുക്കയെ സ്റ്റൈലിന്റെ ഭാഗമായി കൊണ്ട് നടക്കുന്നവര്‍ ഇതിന്റെ ദൂഷ്യവശങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നില്ല എന്നാണു ഈ പഠനത്തിനു നേതൃത്തം നല്‍കിയ ഗവേഷകര്‍ പറയുന്നത്.