സൗഹൃദ ഫുട്ബോള്‍: കാസര്‍കോട് ഡിഎഫ്എ ഇലവനെ മലര്‍ത്തിയടിച്ച് ജില്ലാ പോലീസ് ടീം

0
125

കാസര്‍കോട് (www.mediavisionnews.in) : ജില്ലാ ജനമൈത്രി പോലിസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ജില്ലാ പോലീസ് ടീമിന് തകര്‍പ്പന്‍ ജയം. മൊഗ്രാല്‍ ഗ്രൗണ്ടില്‍ വെച്ച് നിറഞ്ഞ കാണികളെ സാക്ഷിയാക്കി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളിന് കാസര്‍കോട് ഡിഎഫ്എ ഇലവനെയാണ് പോലീസ് ടീം പരാജയപ്പെടുത്തിയത്. ആദ്യ ഗോള്‍ ആദ്യ പകുതിയിലും മറ്റു രണ്ടു ഗോളുകള്‍ രണ്ടാം പകുതിയിലുമാണ് പിറന്നത്.

കാസര്‍കോട് ഡിഎഫ്എ ഇലവന് വേണ്ടി മുന്‍ സന്തോഷ് ട്രോഫി താരം ബിജുകുമാര്‍, ഐഎസ്എല്‍ താരം ആസിഫ് കോട്ടയില്‍, റഫീഖ് പടന്ന, അഷ്റഫ് ഉപ്പള, എച്ച്എ ഖാലിദ്, പിസി ആസിഫ്, സിദ്ദീഖ് ചക്കര തുടങ്ങിയവല്‍ കളിക്കാനിറങ്ങി.

മത്സരം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറാണ് ഉദ്ഘാടനം ചെയ്തത്. ഐഎസ്എല്‍ താരം മുഹമ്മദ് റാഫി മുഖ്യാതിഥിയായിരുന്നു. വിജയികള്‍ക്ക് ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ് ഐപിഎസ് ട്രോഫികള്‍ വിതരണം ചെയ്തു.
പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും നാട്ടില്‍ സൗഹൃദം ഉൗട്ടിയുറപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരം മത്സരങ്ങള്‍ പോലീസ് മുന്‍കൈയ്യെടുത്ത് നടത്തുന്നതെന്ന് ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ് ഐപിഎസ് പറഞ്ഞു. ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റു ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here