(www.mediavisionnews.in) ടിവി സീരിയലിലെ ആത്മഹത്യരംഗം അനുകരിക്കവെ കൊല്‍ക്കത്തയില്‍ ഏഴു വയസുകാരി കഴുത്തില്‍ കുരുക്ക് മുറുകി മരിച്ചു. അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ രംഗം അനുകരിച്ചത്.രണ്ടു മാസം പ്രായമുളള അനിയനെയും പെണ്‍കുട്ടിയെയും അയല്‍ വാസിയെ ഏല്‍പ്പിച്ച് ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോയ മാതാവ് തിരികെ എത്തിയപ്പോഴാണ് കയറില്‍ തൂങ്ങി നില്‍കുന്ന പെണ്‍കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മരണക്കാരണം ആത്മഹത്യ അനുകരണമാണെന്ന് തെളിഞ്ഞു. സീരിയല്‍ പ്രേമി ആയിരുന്ന പെണ്‍കുട്ടി മുമ്പും സീരിയലിലെ പലരംഗങ്ങളും അനുകരിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്തരമൊരു അപകടം പ്രതീക്ഷിച്ചിരുന്നില്ലയെന്നും കുട്ടിയുടെ ബന്ധുവായ സ്ത്രീ പറഞ്ഞു.
രാജ്യത്ത് മുമ്പും ഇത്തരത്തില്‍ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2017 ല്‍ സീരിയല്‍ രംഗങ്ങള്‍ അനുകരിച്ച പെണ്‍കുട്ടി സ്വയം തീകൊളുത്തി മരിക്കുകയും മീററ്റില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ തുടരാതിരിക്കുവാന്‍ മാതാപിതാക്കള്‍ കൂടുതല്‍ ജാഗരൂകരായിരിക്കണമെന്ന് പോലീസ് പറഞ്ഞു.