വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

0
149

ഹൈദരാബാദ് (www.mediavisionnews.in):  വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് അഹിറാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.

പൊലീസിന് കേസുകള്‍ തെളിയിക്കുന്നതിനുള്ള എളുപ്പത്തിനും അജ്ഞാത മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും ആധാര്‍ വിവരങ്ങള്‍ സഹായിക്കുമെന്ന് ഹന്‍സ് രാജ് സൂചിപ്പിച്ചു. ഫിംഗര്‍പ്രിന്റ് ബ്യൂറോ ഡയറക്ടര്‍മാരുടെ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ആധാര്‍ വിവരങ്ങള്‍ കൈമാറുന്നതിലും ജയില്‍ നിയമത്തിലെ ഭേദഗതിയും കേന്ദ്ര മന്ത്രിസഭ ചര്‍ച്ച ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിവര്‍ഷം അന്‍പത് ലക്ഷം ക്രിമിനല്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിലെല്ലാം പ്രധാന തെളിവാകുന്നത് പലപ്പോഴും വിരലടയാളമായിരിക്കും. ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറിയാല്‍ വിരലടയാളം എളുപ്പത്തില്‍ അവര്‍ക്ക് ലഭ്യമാകുമെന്നും ഇത് അന്വേഷണത്തിന് പുരോഗതിയുണ്ടാക്കാന്‍ സഹായിക്കുമെന്നും എന്‍സിആര്‍ബി ഡയറക്ടര്‍ ഇഷ് കുമാര്‍ പറഞ്ഞു. അജ്ഞാത മൃതദേഹങ്ങള്‍ തിരിച്ചറിയാനും ആധാര്‍ വിവരങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. വിവരങ്ങള്‍ പൂര്‍ണമായും നല്‍കാതെ അത്യാവശ്യമുള്ളവ മാത്രം പൊലീസിന് കൈമാറാനാണ് ശുപാര്‍ശ.

LEAVE A REPLY

Please enter your comment!
Please enter your name here