ബെംഗളൂരു (www.mediavisionnews.in): കര്‍ണാടകയില്‍ സഖ്യകക്ഷി അധികാരത്തിലെത്തിയെങ്കിലും സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള തര്‍ക്കം പുകയുകയാണ്. മന്ത്രിസഭയില്‍ ആദ്യഘട്ടത്തില്‍ ഇടം പിടിക്കാത്ത ഇരുകക്ഷികളിലേയും മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി അറിയിച്ച് പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ചില മുന്‍മന്ത്രി കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരായിരുന്ന എം ബി പാട്ടീല്‍, രാമലിംഗ റെഡ്ഡി, റോഷന്‍ ബെയ്ഗ്, സതീഷ് ജാര്‍ക്കിഹോളി, ഷാമന്നൂര്‍ ശിവശങ്കരപ്പ, എച്ച് എം രേവണ്ണ, അതുപോലെതന്നെ എംഎല്‍എമാരായ എം ടി ബി നാഗരാജ്, ബി കെ സംഗമേശ്വര്‍, ബി സി പാട്ടീല്‍, ഡോ. കെ സുധാകര്‍, അമരെ ഗൗഡ ബൈയാപുര എന്നിവരാണ് കോണ്‍ഗ്രസില്‍ പ്രതിഷേധ സ്വരം ഉയര്‍ത്തുന്നത്.
ജനാദളില്‍ നിന്നാവട്ടെ ബസവരാജ് ഹൊറട്ടി, സത്യനാരായണ തുടങ്ങിയവരും രംഗത്തുണ്ട്. വിമതസ്വരങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്നു മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പറയുമ്ബോഴും കാര്യങ്ങള്‍ അത്ര നിസാരമല്ല. പ്രതിഷേധം കെപിസിസി ആസ്ഥാനത്തും സഖ്യകക്ഷി ഏകോപന സമിതി ചെയര്‍മാന്‍ സിദ്ധരാമയ്യയുടെ വസതിക്കുമുന്നിലും വരെയെത്തി. സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയായ ‘കാവേരി’യിലേക്കു പ്രകടനമായെത്തിയ എംഎല്‍എ സംഗമേശ്വറിന്റെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബിജെപിയുടെ ശക്തി മേഖലയായ ശിവമൊഗ്ഗ ജില്ലയ്ക്ക് സര്‍ക്കാരില്‍ പ്രാതിനിധ്യം ലഭിക്കുന്നതിന് സംഗമേശ്വറിനെ മന്ത്രിയാക്കണെന്നതാണ് ഇവരുടെ ആവശ്യം.
അതുപോലെ തന്നെ ലിംഗായത്ത് നേതാവ് എംബി പാട്ടിലിന് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ അനുയായികള്‍ പ്രതിഷേധിച്ചത് സദാശിവനഗറില്‍ പിസിസി വര്‍ക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവിനെ തടഞ്ഞായിരുന്നു. റോഷന്‍ ബെയ്ഗിന്റെയും രാമലിംഗ റെഡ്ഡിയുടെയും അനുയായികളുടെ പ്രതിഷേധം പിസിസി ആസ്ഥാനത്തായിരുന്നു. എന്നാല്‍ ബിസി പാട്ടീല്‍ എംഎല്‍എയുടെ അനുയായി ഹാവേരിയില്‍ വിഷം കഴിച്ച് ജീവനോടുക്കാന്‍ ശ്രമിച്ചാണ് പ്രതിഷേധിച്ചത്.
ഷാമന്നൂര്‍ ശിവശങ്കരപ്പയ്ക്കു മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് അഖിലേന്ത്യാ വീരശൈവ മഹാസഭ ദാവനഗെരെയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 48 മണിക്കൂറിനുള്ളില്‍ ഇദ്ദേഹത്തെ പരിഗണിച്ചില്ലെങ്കില്‍ ദാവനഗെരെയില്‍ ബന്ദ് സംഘടിപ്പിക്കുമെന്ന ഭീഷണിയുമുണ്ട്. സഖ്യകക്ഷിയില്‍ പ്രതിഷേധം കനക്കുമ്ബോള്‍ അത് മുതലാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തരായ കോണ്‍ഗ്രസ്-ജനതാ ദള്‍ നേതാക്കളെ ബിജെപിയിലേക്കു പരസ്യമായി ക്ഷണിച്ചിരിക്കുകയാണ് മുതിര്‍ന്ന നേതാവ് കെഎസ് ഇശ്വരപ്പ. നേതാക്കളുടെ നല്ല ഭാവിക്കായി അവര്‍ ബിജെപിയില്‍ ചേരുന്നതാണ് ഉചിതമെന്ന ഉപദേശവും കൂടെയുണ്ട്.