ദില്ലി (www.mediavisionnews.in): രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ 9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ ആഗസ്റ്റ് 27ന് ഹാജരാകണമെന്ന് കോടതി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ലണ്ടനില്‍ കഴിയുന്ന മല്യയ്ക്ക് ഇത് സംബന്ധിച്ച് സമന്‍സ് അയച്ചു.
ഹാജരാകാത്ത പക്ഷം മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്നും 12,500 കോടിയുടെ ആസ്തി കണ്ടുകെട്ടാനുള്ള നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട് പോകുമെന്നും കോടതി വ്യക്തമാക്കി.
പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി വിജയ് മല്യയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റെ് ഡയറകടറേറ്റ്(ഇ.ഡി) സമര്‍പ്പിച്ച ഹരജിയിലാണ് കോടതി സമന്‍സ്.
മല്യയെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നും 12,500 കോടി രൂപ വില വരുന്ന സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റെ് ഡയറക്ടറേറ്റ് കഴിഞ്ഞ ആഴ്ചയാണ് മുംബൈ പ്രത്യേക കോടതി മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചത്. ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളി ഓര്‍ഡിനന്‍സ് പ്രകാരമാണ് ഇ.ഡി കോടതിയെ സമീപിച്ചത്. മെയ് 27ലെ ഓര്‍ഡിനന്‍സ് അനുസരിച്ച് ബാങ്കിനെ കബളിപ്പിച്ച് രാജ്യം വിടുന്ന സാമ്പത്തിക കുറ്റവാളികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് അധികാരമുണ്ട്.