ന്യൂഡല്‍ഹി (www.mediavisionnews.in): രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുകേന്ദു ശേഖര്‍ റോയിയെ പിന്തുണക്കാനാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.
അതേസമയം തൃണമൂല്‍ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രൈന്‍ വ്യക്തമാക്കി. ജൂലൈ 18ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനിലാണ് നാമനിര്‍ദ്ദേശവും തിരഞ്ഞെടുപ്പ് പ്രക്രിയയും നടക്കുക. 2012 മുതല്‍ മലയാളിയായ പി.ജെ കുര്യനാണ് രാജ്യസഭാ ഉപാധ്യക്ഷന്‍.
245 അംഗ സഭയില്‍ 51 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിന് ഒറ്റക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള അംഗബലമുണ്ടെങ്കിലും ബി.ജെ.പി ഇതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് തൃണമൂലിനെ പിന്തുണക്കാന്‍ തീരുമാനിച്ചത്. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത് 1992ലാണ്.
കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒരിക്കല്‍ കൂടി ഒന്നിച്ച് പോരാടുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലും നിര്‍ണായകമായേക്കാവുന്ന തീരുമാനമാണ് ഇത്.