മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി; കൃഷ്ണകുമാരന്‍ നായരെ ഡല്‍ഹി പൊലീസ് കേരളാ പൊലീസിന് കൈമാറി; പ്രവാസി സംഘപരിവാറുകാരന്റെ വരവ് തിഹാര്‍ ജയിലില്‍ നിന്ന്

0
143

ന്യൂഡല്‍ഹി (www.mediavisionnews.in): മുഖ്യമന്ത്രി പിണറായി വിജയനു നേരെ വധഭീഷണി മുഴക്കിയ സംഘപരിവാറുകാരനായ പ്രവാസി മലയാളി കൃഷ്ണകുമാരന്‍ നായരെ ഡല്‍ഹി പൊലീസ് കേരള പൊലീസിന് കൈമാറി.

അബുദാബിയില്‍ നിന്ന് ഡല്‍ഹി വിമാനത്താവളം വഴി കേരളത്തിലേക്ക് വരുന്ന വഴിക്കാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. കേരള പൊലീസ്, ഡല്‍ഹി പൊലീസിന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കൃഷ്ണകുമാരന്‍ നായരെ തിഹാര്‍ ജയിലിലേക്കാണ് ഡല്‍ഹി പൊലീസ് മാറ്റിയത്. അവിടെ നിന്നാണ് കേരള പൊലീസിന് കൈമാറിയത്.

എസ്ഐ രൂപേഷ് കെജി, എഎസ്ഐ ജേക്കബ് മണി, സിപിഒ ശര്‍മപ്രസാദ് ഉത്തമന്‍ എന്നിവരടങ്ങിയ സംഘത്തിനാണ് കൃഷ്ണകുമാരന്‍നായരെ  ഡല്‍ഹി പൊലീസ് കൈമാറിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയുമായി പൊലീസ് സംഘം ഇന്ന് രാത്രി കേരളത്തിലേക്ക് തിരിക്കും.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനേയും ലസിതാ പാലയ്ക്കലിനെ അപമാനിച്ച സിനിമാ നടന്‍ സാബുമോനെയും കൊല്ലാനായിട്ടാണ് വരവെന്ന് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. ജൂണ്‍ 5നാണ് പിണറായി വിജയനു നേരെ ഇയാള്‍ വധഭീഷണി മുഴക്കിയത്. താന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനാണെന്ന് തുറന്നുസമ്മതിക്കുന്ന ഇയാള്‍ പഴയ കത്തികള്‍ തേച്ചുമിനുക്കിയെടുക്കുമെന്നും വിളിച്ചുപറഞ്ഞു.

വീഡിയോ വന്നതിനു പിന്നാലെ കൃഷ്ണകുമാര്‍ അത് ഡിലീറ്റ് ചെയ്യുകയും മാപ്പപേക്ഷയുമായി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അബൂദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാര്‍ജറ്റ് എന്‍ജിനീയറിംഗ് കമ്പനിയുടെ റിഗിംഗ് സൂപ്പര്‍വൈസറായിരുന്നു കൃഷ്ണകുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് കമ്പനി പിരിച്ചു വിടുകയും ചെയ്തിരുന്നു.

വധഭീഷണി മുഴക്കിയ സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത കേരള പോലീസ് കൃഷ്ണകുമാര്‍ നാട്ടില്‍ എത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുവാനുള്ള നീക്കത്തിലായിരുന്നു. പ്രകോപനം സൃഷ്ടിക്കും വിധം സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തി, അപകീര്‍ത്തിപ്പെടുത്തല്‍, വധഭീഷണി മുഴക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here