മുംബൈ (www.mediavisionnews.in): തന്റെ അന്‍പതാം പിറന്നാള്‍ ദിനത്തില്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ വില കുറച്ചു നല്‍കി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. മഹാരാഷ്ട്രയിലെ തിരഞ്ഞെടുത്ത പമ്പുകളിലാണ് ഇന്ന് ഇരുചക്രവാഹനവുമായി എത്തുന്നവര്‍ക്ക് നാലു മുതല്‍ ഒന്‍പതു രൂപ വരെ ഇളവു നല്‍കിയത്.
അപ്രതീക്ഷിത ഓഫര്‍ ലഭിച്ചതോടെ ആളുകള്‍ ഇരുചക്രവാഹനങ്ങളുമായി പമ്പുകളിലേക്ക് കുതിച്ചു. അതോടെ അസാധാരണമായ തിരക്കാണ്പമ്പുകളില്‍ അനുഭവപ്പെട്ടത്. മിക്കവരും ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്ന തിരക്കിലായിരുന്നു. അന്‍പതു വയസ്സു തികയുന്ന താക്കറേയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചാണ് വാഹന ഉടമകള്‍ മടങ്ങിയത്. മഹാരാഷ്ട്രയിലെ ഇന്നത്തെ പെട്രോള്‍ വില 84.26 രൂപയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പമ്പുകളിലെത്തി കണക്കെടുക്കുകയും ദിവസത്തെ മുഴുവന്‍ ചെലവും തിട്ടപ്പെടുത്തി അവസാനം ആവശ്യമായ തുക പമ്പില്‍ നല്‍കുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
‘രാവിലെ എട്ടു മണിതൊട്ട് പമ്പിലെത്തുന്നവര്‍ക്ക് ഇളവു നല്‍കുന്നുണ്ട്. ഇന്നു വൈകിട്ടുവരെ ഇതുതുടരും. ഇരുചക്ര വാഹന ഉടമകള്‍ക്ക് ഇന്ന് തിരഞ്ഞെടുക്കപ്പെട്ട പമ്പുകളില്‍ ലിറ്ററില്‍ 4-5 രൂപ ഇളവു ലഭിക്കും. മുംബൈയിലെ ശിവാദി നിയോജകമണ്ഡലത്തില്‍ ലിറ്ററിന്മേല്‍ 9 രൂപയാണ് കിഴിവ് നല്‍കുന്നത്.’ എഎന്‍ഐ പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ നേരത്തെ തന്നെ രാജ് താക്കറെ പരസ്യമായി രംഗത്തുവന്നിരുന്നു.
2019ല്‍ ബി.ജെ.പി സര്‍ക്കാറിനെ താഴെയിറക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കണം എന്നും താക്കറേ അഭിപ്രായപ്പെട്ടിരുന്നു. ‘ഇന്ത്യയ്ക്ക് ആദ്യമായി സ്വാതന്ത്ര്യം ലഭിച്ചത് 1947ലും, രണ്ടാമതായി അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ല്‍ നടന്ന തിരഞ്ഞെടുപ്പിലുമാണ്. ഭാരതം മോദി മുക്തമായാല്‍ 2019ല്‍ നമുക്ക് മൂന്നാമതൊരു തവണ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കാം.’ എന്നാണ് താക്കറേ പറഞ്ഞത്.