മറഡോണയ്ക്ക് താക്കീതുമായി ഫിഫ

0
156

മോസ്‌കോ (www.mediavisionnews.in): അര്‍ജന്റീനയുടെ മത്സരവേദികളിലെ നിറസാന്നിധ്യമാണ് മറഡോണ. തോറ്റാലും ജയിച്ചാലും ഗോളടിച്ചാലും ഗോള്‍ വഴങ്ങിയാലും ക്യാമറക്കണ്ണുകള്‍ ഗ്യാലറിയിലെ മറഡോണയെ തിരയും. എന്നാല്‍ കളി കാണാനെത്താന്‍ മറഡോണയ്ക്ക് ഫിഫ അങ്ങോട്ട് നല്‍കുന്നത് ഓരോ മത്സരത്തിലും 9 ലക്ഷം രൂപ വച്ചാണ്.

താമസവും ഭക്ഷണവും യാത്രയുമെല്ലാം സൗജന്യം. പക്ഷെ ഓരോ മത്സര ശേഷവും എന്തെങ്കിലും ഒരു വിവാദത്തിനും മറഡോണ തിരികൊളുത്തിക്കൊണ്ടിരുന്നു.

ഐസ്ലണ്ടിനെതിരായ മത്സരത്തിനിടെ ഏഷ്യന്‍ വംശജരെ കളിയാക്കും വിധം മറഡോണ ആംഗ്യം കാട്ടിയെന്ന് ബിബിസി റിപ്പോര്‍ട്ടര്‍ ട്വീറ്റ് ചെയ്തു. പുകവലിക്കാന്‍ പാടില്ലാത്തിടത്ത് നിന്ന് മറഡോണ പുക ഊതി വിട്ടത് അടുത്തത്. നൈജീരിയയ്ക്കെതിരായ മത്സര ശേഷം കാട്ടിയ പാരാക്രമം ഫിഫയ്ക്ക് തന്നെ നാണക്കേടായി. കാണികള്‍ക്ക് നേരെ നടത്തിയ ആംഗ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. കളിക്കിടെ രക്തസമ്മര്‍ദ്ദം കുറഞ്ഞ് ചികിത്സതേടിയതും സംഘാടകര്‍ക്ക് തലവേദനയായി.

ചുരുക്കത്തില്‍ പരാതികളുടെ പ്രളയമായതോടെ മറഡോണയ്ക്ക് മുന്നറിയിപ്പുമായി ലോകകപ്പ് ചീഫ് എക്സിക്യൂട്ടിവ് കോളിന്‍സ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എത്ര വലിയ താരമായാലും സ്റ്റേഡിയത്തിനകത്ത് മര്യാദ കാണിക്കണമെന്ന് കോളിന്‍സ് മുന്നറിയിപ്പ് നല്‍കി. താരങ്ങളും സ്റ്റാഫും ആരാധകരും പരസ്പരം ബഹുമാനിക്കണമെന്നും കോളിന്‍സ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here