തുര്‍ക്കി (www.mediavisionnews.in) :റമളാന്‍ നോമ്പെടുത്ത് കളിക്കാന്‍ ഇറങ്ങിയാല്‍ നോമ്പ് തുറക്കുന്നതിന് ടുണീഷ്യന്‍ ഗോളി കാണിച്ച തന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയല്‍ വൈറലായിരിക്കുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ടണീഷ്യന്‍ ഗോളി മൊവസ് ഹസന്റെ തന്ത്രത്തില്‍ ടീമിലെ സഹതാരങ്ങള്‍ കൂളായി നോമ്പ് തുറന്നു കളി തുടര്‍ന്നു.
പോര്‍ച്ചുഗല്‍, തുര്‍ക്കി എന്നീ ടീമുകള്‍ക്കെതിരേയുള്ള മത്സരങ്ങള്‍ക്കിടയില്‍ പരിക്ക് അഭിനയിച്ച് കിടന്നാണ് സഹതാരങ്ങള്‍ക്ക് ഹസന്‍ നോമ്പ് തുറക്കാനുള്ള അവസരമുണ്ടാക്കിക്കൊടുത്തത്. പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ ടീം 2-1ന് പിന്നില്‍ നില്‍ക്കുമ്പോള്‍ 58ാം മിനുട്ടിലാണ് ഹസന്‍ പരിക്കഭിനയിച്ച് കിടന്നത്. മത്സരം നിര്‍ത്തി മെഡിക്കല്‍ സംഘത്തോട് ഗ്രൗണ്ടില്‍ വരാന്‍ ആവശ്യപ്പെട്ട സമയത്ത് സഹതാരങ്ങള്‍ സൈഡ് ലൈനിലെത്തി നോമ്പ് തുറന്നു.
വെള്ളവും കാരക്കയും കഴിച്ച് ഗ്രൗണ്ടിലെത്തിയ ശേഷം യൂറോപ്യന്‍ ചാംപ്യന്‍മാര്‍ക്കെതിരേ ടുണീഷ്യ സമനില പിടിക്കുകയായിരുന്നു. മത്സരം 2-2 എന്ന സ്‌കോറിലാണ് അവസാനിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം തുര്‍ക്കിക്കെതിരെ നടന്ന മത്സരത്തിലും ഹസന്‍ ഇതേ അടവ് പുറത്തെടുത്തു. മത്സരത്തിന്റെ 49ാം മിനുട്ടിലായിരുന്നു ഇത്തവണ ടുണീഷ്യന്‍ ഗോളി ‘വീണത്’. ഈ മത്സരവും സമനിലയിലാണ് അവസാനിച്ചത്. അതേസമയം, ലോകകപ്പില്‍ ഇത്തരം തന്ത്രങ്ങളുടെ ആവശ്യമൊന്നുമില്ലെന്നാണ് ടുണീഷ്യന്‍ ആരാധകര്‍ വിശ്വസിക്കുന്നത്.
12 വര്‍ഷത്തിന് ശേഷം ലോകകപ്പിന് യോഗ്യത നേടിയ ടുണീഷ്യയുടെ ആദ്യ മത്സരം ജൂണ്‍ 18ന് ഇംഗ്ലണ്ടുമായാണ്. ജൂണ്‍ 16ന് റമളാന്‍ മാസം പൂര്‍ത്തിയാകുമ്പോള്‍ പിന്നെ അടവിന്റെ ആവശ്യമൊന്നും ഇല്ലേയില്ല.