‘ഭഗത് സിങ്ങിന്റെ സഖാക്കളെ’ വെട്ടിമാറ്റി; പാഠപുസ്തകത്തിലും കൈകടത്തി ബിജെപി സര്‍ക്കാര്‍

0
208

ന്യൂഡല്‍ഹി(www.mediavisionnews.in):  പാഠപുസ്തകങ്ങളില്‍ സംഘപരിവാര്‍ അജന്‍ഡ കുത്തിനിറയ‌്ക്കുന്നതിന്റെ ഭാ​ഗമായി ധീരവിപ്ലവകാരി ഭഗത് സിങ്ങിനെക്കുറിച്ചുള്ള എട്ടാംക്ലാസ് ചരിത്രപുസ്തകത്തിലെ പ്രസക്തഭാ​ഗം എന്‍സിഇആര്‍ടി തിരുത്തി. “ഭഗത് സിങ്ങിന്റെ സഖാക്കള്‍’ എന്ന പരാമര്‍ശം വെട്ടിമാറ്റി. ശിവജി, മഹാറാണ പ്രതാപ് തുടങ്ങിയവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തിരുകിക്കയറ്റി. ആറുമുതല്‍ ഒമ്ബതുവരെയുള്ള 182 പാഠപുസ്തകത്തിലായി 1334 തിരുത്ത് വരുത്തി. ​ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന വെട്ടിത്തിരുത്തലുകളാണ് പുസ്തകങ്ങളില്‍ നടത്തുന്നതെന്ന് വിദ്യാഭ്യാസരം​ഗത്തെ വിദ​ഗ്ധര്‍ ചൂണ്ടിക്കാട്ടി.

ആറാംക്ലാസ് പാഠപുസ്തകത്തില്‍ ഭ​ഗത് സിങ്ങിന്റെ ധീരമായ നിലപാട് തുറന്നുകാട്ടുന്ന ഭാ​ഗത്തുനിന്നാണ് “സഖാക്കള്‍’ എന്ന പദം ഒഴിവാക്കിയത്. “വിപ്ലവ ദേശീയവാദികളായ ഭഗത്സിങ്ങും അദ്ദേഹത്തിന്റെ സഖാക്കളും കോളനിവാഴ്ചയ്ക്കെതിരെയും ചൂഷകരായ സമ്ബന്നവര്‍ഗത്തിനെതിരെയും തൊഴിലാളികളും കര്‍ഷകരും അണിനിരക്കുന്ന വിപ്ലവത്തിലൂടെ പോരാടണമെന്ന് ആഗ്രഹിച്ചു’- എന്ന പാഠഭാഗത്തില്‍ന്നാണ് സഖാക്കള്‍ എന്ന വിശേഷണം ഒഴിവാക്കിയത്. സഖാക്കള്‍ എന്ന വിശേഷണത്തിനുപകരം ചന്ദ്രശേഖര്‍ ആസാദ്, സുഖ്ദേവ് എന്നിവരുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തു.

മറാത്ത ഭരണാധികാരി ശിവജിയെക്കുറിച്ചുള്ള ഭാ​ഗത്ത് 100 വാക്കിലേറെ കൂട്ടിച്ചേര്‍ത്തു. ശിവജിയുടെ വലിയ ചിത്രത്തിനൊപ്പം അദ്ദേഹത്തിന്റെ യുദ്ധതന്ത്രം വിശദമായി വിവരിക്കുകയും ചെയ്യുന്നു. ഏഴാംക്ലാസ് ചരിത്ര പാഠപുസ്തകത്തിലാണ് മഹാറാണ പ്രതാപിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. മുഗള്‍ രാജവംശത്തിന്റെ അധീശത്വത്തിന് വഴങ്ങാതെനിന്ന രാജാവാണ് മഹാറാണ പ്രതാപെന്ന് പാഠഭാഗം പറയുന്നു.

മഹാറാണയുടെ സംഭാവനകള്‍ക്ക് ചരിത്രകാരന്മാരും പാഠപുസ്തകങ്ങളും വേണ്ട പ്രാധാന്യം നല്‍കണമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യവുമായി ശിവസേനയും ഹിന്ദു ജനജാഗ്രതി സമിതിയും രം​ഗത്തുണ്ടായിരുന്നു.
ഒന്നാം സ്വാതന്ത്ര്യസമരമായി 1817ല്‍ നടന്ന പൈക പ്രക്ഷോഭത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒഡിഷയില്‍ ബക്ഷി ജഗന്ധു ബിദ്യാധരയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പ്രക്ഷോഭമാണിത്.

1857ലെ പ്രക്ഷോഭത്തെയാണ് ഇതുവരെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിച്ചിരുന്നത്. 2005ല്‍ ദേശീയ പാഠ്യപദ്ധതിയുടെ കരട് തയ്യാറാക്കിയതിനുശേഷമുള്ള സമഗ്രമായ പരിഷ‌്കരണമാണ‌് ഇപ്പോള്‍ നടത്തുന്നത്. ഉപനിഷത്തുക്കള്‍, തത്വശാസ്ത്രം എന്നിവ പുസ്തകങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആറാംക്ലാസ് പാഠപുസ്തകത്തിലാണ് തത്വശാസ്ത്രം പഠിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here