ന്യൂഡൽഹി (www.mediavisionnews.in): ഡ്രൈവിങ് ലൈസന്‍സ് രാജ്യവ്യാപകമായി ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാന്‍കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കണമെന്ന തിട്ടൂരം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്്.
അപകടമുണ്ടാക്കി കടന്നു കളയുന്ന വാഹനങ്ങളെ പിടികൂടാനാണ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇക്കാര്യത്തില്‍ നല്കുന്ന വിശദീകരണം. ആധാറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയുടെ അന്തിമ വിധിയ്ക്കായി കാത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനിടയിലാണ് ലൈസന്‍സ് ആധാര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്.
രാജ്യവ്യാപകമായി വ്യാജ ലൈസന്‍സുകളും മറ്റും ആളുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് ഇല്ലാതാക്കാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. ലൈസന്‍സ്-ആധാര്‍ ബന്ധിപ്പിക്കല്‍ സംബന്ധിച്ച് വാര്‍ത്താ വിതരണ മന്ത്രി രവിശങ്കര്‍ പ്രസാദ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി.
ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള ലൈസന്‍സ് വിവരങ്ങള്‍ ശേഖരിക്കാന്‍ സോഫ്റ്റുവെയര്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.