ബെംഗലൂരു(www.mediavisionnews.in) : വധഭീഷണിയെ ഭയക്കുന്നില്ലെന്നും നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമെന്നും നടന് പ്രകാശ് രാജ്. ഗൗരി ലങ്കേഷിന്റെ ഘാതകര്‍ തന്നെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് തന്റെ പ്രതികരണം പങ്കുവെച്ചത്. ‘ഗൗരിയെ കൊന്നവര്‍ എന്നെയും ഇല്ലാതാക്കാന്‍ പദ്ധതിയിട്ടു എന്നാണ് പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തിയത്. എന്റെ ശബ്ദം ഇനിയും ഉയരും, കൂടുതല്‍ കരുത്തോടെ.’- പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.
ഗൗരി ലങ്കേഷിന്റെ കൊലപാതകികള്‍ ശ്രമിച്ചിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തെ ഉദ്ധരിച്ച് കന്നഡ വാര്‍ത്താ ചാനല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാടിനെ വധിക്കാനും സംഘം പദ്ധതിയിട്ടിരുന്നു. ഓപ്പറേഷന് കാക എന്നായിരുന്നു ഗിരീഷ് കര്‍ണാടിനെ വധിക്കുന്നതിനുള്ള പദ്ധതിക്ക് പേരിട്ടിരുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 5 നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് ബെംഗലൂരുവിലെ സ്വവസതിയ്ക്കുമുന്നില്‍ വെടിയേറ്റ് മരിച്ചത്. ഗൗരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രകാശ് രാജ് ഉള്‍പ്പെടെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.