ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയത് തന്റെ മതത്തെ രക്ഷിക്കാന്‍- കുറ്റസമ്മതം നടത്തി പ്രതി

0
84

ബെംഗളൂരു (www.mediavisionnews.in): തന്റെ മതത്തെ രക്ഷിക്കാനാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് പ്രതി പരശുറാം വാഗ്മോറിന്റെ കുറ്റസമ്മതം. കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനിടെയാണ് കുറ്റസമ്മതം.

‘ആരെയാണ് താന്‍ കൊലപ്പെടുത്തിയതെന്ന് അറിയില്ലായിരുന്നു. 2017 മെയ് മാസത്തിലാണ് തന്നെ ചിലര്‍ കൊലയ്ക്കായി നിയോഗിച്ചത്. ഹിന്ദുമതത്തെ രക്ഷിക്കാന്‍ ഒരു കൊലപാതകം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഞാനത് സമ്മതിക്കുകയും ചെയ്തു. കൊലപാതകം നടത്തിയ ശേഷമാണ് അത് ഗൗരിലങ്കേഷ് എന്ന സ്ത്രീയാണെന്ന് മനസ്സിലായത്.’ അവരെ കൊല്ലരുതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന്‌ പരശുറാം കുറ്റസമ്മതം നടത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തന്നെ സെപ്റ്റംബര്‍ മൂന്നിന് ബെംഗളൂരുവില്‍ എത്തിക്കുകയും കൊലയ്ക്കുള്ള പരിശീലനം നല്‍കി എന്നും പരശുറാം വ്യക്തമാക്കുന്നുണ്ട്. ബെംഗളൂരുവിലെത്തി മുറിയെടുത്ത ശേഷം ബൈക്കിലെത്തിയ മറ്റൊരാള്‍ കൊല നടത്തേണ്ട വീട് കാണിച്ച്‌ തന്നു. പിറ്റെ ദിവസം മറ്റൊരു മുറിയിലെത്തുകയും സെപ്റ്റംബര്‍ അഞ്ചിന് ആര്‍.ആര്‍ നഗറിലെ ഗൗരി ലങ്കേഷിന്റെ വീടിന് മുന്നിലെത്തിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്.

ഗൗരിലങ്കേഷ് വീടിന് മുന്നിലെത്തിയ സമത്ത് തന്നെയാണ് ഞങ്ങളും അവിടെയെത്തിയത്. ഗേറ്റിന് മുന്നിലെത്തിയ ഗൗരി കാറില്‍ നിന്നും ഇറങ്ങി. തുടര്‍ന്ന് തന്റെ നേരെ നടന്ന് വരികയായിരുന്ന ഗൗരിക്ക് നേരെ നാല് വട്ടം വെടിയുതിര്‍ത്തു. കൊലപാതകം നടത്തി അന്ന് രാത്രി തന്നെ നഗരം വിട്ടുവെന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരശുറാം അടക്കം മൂന്ന് പേരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. മറ്റ് മൂന്ന് പേര്‍ ആരാണെന്ന് തനിക്കറിയില്ലെന്നും പരശുറാം മൊഴിനല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here