ഗോള്‍ വേട്ടയില്‍ ഇന്ത്യന്‍ നായകന്റെ കുതിപ്പ് ; മെസ്സിയെ പിന്നിലാക്കാന്‍ മൂന്ന് ഗോളുകള്‍ മാത്രം

0
150

(www.mediavisionnews.in) കാല്‍പന്തുകളിയുടെ ഇന്ത്യന്‍ വിസ്മയം സുനില്‍ ഛേത്രിയുടെ മികച്ച പ്രകടനത്തില്‍ ഇന്ത്യയുടെ വിജയം ആവേശത്തോടെയാണ് കാണികള്‍ കണ്ടിരുന്നത്. ടീമിനു വേണ്ടി രണ്ട് ഗോള്‍ നേടി ഇന്ത്യന്‍ വിജയം ഉറപ്പിച്ചപ്പോള്‍ മറ്റൊരു നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ നായകന്‍.

കെനിയക്കെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ ഛേത്രിയ്ക്ക് ഗോള്‍ പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കാന്‍ മൂന്ന് ഗോളുകളുടെ ദൂരം മാത്രമാണുള്ളത്. ഗോള്‍വേട്ടയുടെ കാര്യത്തില്‍ ഇനിയും വിരമിച്ചിട്ടില്ലാത്ത കളിക്കാരുടെ പട്ടികയില്‍ ലോകഫുട്‌ബോളില്‍ മെസിയും ക്രിസ്റ്റ്യാനോയും മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്. എന്നാല്‍,  ഛേത്രി മൂന്ന് ഗോള്‍ നേടിയാല്‍ മെസ്സി മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടും.

ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ 25-ാം സ്ഥാനത്താണ് ഛേത്രി. ക്രിസ്റ്റ്യാനോ 81 ഗോളും മെസ്സി 64 ഗോളുമാണ് ദേശീയ ടീമിനായി നേടിയിട്ടുള്ളത്. കൂടുതല്‍ ഗോള്‍നേടിയവരുടെ കാര്യത്തില്‍ ക്രിസ്റ്റ്യാനോ മൂന്നാം സ്ഥാനത്തും മെസി ഇരുപത്തിയൊന്നാം സ്ഥാനത്തുമാണ്.

ലോകത്തെ മികച്ച ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത് ഇറാന്റെ ഇതിഹാസ താരം അലി ദേയിയാണ്. 109 തവണയാണ് അലി ഗോളടിച്ചിരിക്കുന്നത്. 84 ഗോളുകളുമായി രണ്ടാം സ്ഥാനത്ത് പുഷ്‌കാസ് ഇടംപിടിച്ചു. ഹംഗറിയ്ക്കും സ്‌പെയിനിനും വേണ്ടിയാണ് താരം കളിച്ചിട്ടുള്ളത്.

77 ഗോള്‍ നേടിയ പെലെ ഏഴാം സ്ഥാനത്താണ്. അതേസമയം, ഛേത്രിയുടെ തകര്‍പ്പന്‍ പ്രകടനവും ഇന്ത്യയുടെ വിജയവും രാജ്യത്തിന് പുതിയ പൊന്‍തൂവലാണ് ചാര്‍ത്തിയിരിക്കുന്നത്. ലോകഫുട്‌ബോളില്‍ ദേശീയ ടീമിനായി ഗോള്‍ നേടിയവരുടെ പട്ടികയില്‍ ഛേത്രി കുതിപ്പ് തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here