ഗാസിയാബാദ്(www.mediavisionnews.in): ക്രിക്കറ്റ് കളിക്കിടെ പന്ത് തിരഞ്ഞു പോയ ചേട്ടന്‍ കണ്ടത് രണ്ട് വര്‍ഷം മുമ്ബ് തട്ടികൊണ്ടു പോയ അനുജന്റെ മൃതദേഹം. തടിയില്‍ തീര്‍ത്ത പെട്ടിക്കുള്ളില്‍ കണ്ട അസ്ഥികൂടം സ്വന്തം അനിയനാണെന്ന് തിരിച്ചറിയാന്‍ എട്ട് വയസുകാരനായ ജുനൈദിന് കഴിഞ്ഞിരുന്നില്ല. ഭയപ്പെടുത്തുന്ന ഒരു പാവയെ അയല്‍പക്കത്തെ ടെറസില്‍ കണ്ടെന്ന് മാത്രമാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. ആദ്യമൊക്കെ മകന്റെ വാക്കുകള്‍ അവഗണിച്ചെങ്കിലും കുട്ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് മുകളില്‍ ചെന്നു നോക്കിയ രക്ഷിതാക്കള്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു രണ്ട് വര്‍ഷം മുമ്ബ് കാണാതായ ഇളയ മകന്‍ മുഹമ്മദ് സെയിദിന്റെ മൃതദേഹമണതെന്ന്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
കാണാതാകുന്ന സമയത്ത് കുട്ടി ധരിച്ച സ്‌കൂള്‍ യൂണിഫോമാണ് തിരിച്ചറിയാന്‍ സഹായകരമായത്. 2016 ഡിസംബര്‍ ഒന്നിനാണ് വീട്ട് മുറ്റത്ത് നിന്ന് കളിക്കുകയായിരുന്ന സെയിദിനെ കാണാതാകുന്നത്. തുടര്‍ന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് നാസര്‍ മുഹമ്മദിന് നിരവധി ഫോണ്‍ കോളുകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തെങ്കിലും ഇവര്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.
രണ്ടടിയോളം നീളമുള്ള തടി കൊണ്ട് നിര്‍മ്മിച്ച പെട്ടിയില്‍ തിരുകി കയറ്റിയ നിലയിലായിരുന്നു മൃതദേഹം. രണ്ട് വര്‍ഷത്തോളം പഴക്കം അസ്ഥികൂടത്തിനുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും ഡി.എന്‍.എ പരിശോധന ഫലം വന്നാലേ സെയ്ദിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കാനാവൂ.
സെയ്ദിനെ കാണാതാവുന്നതിന് ഒരു മാസം മുമ്ബ് തനിക്ക് ഒരു ബന്ധു തന്നതാണ് പെട്ടിയെന്നാണ് അയല്‍വാസിയായ മൊമീന്‍ പറയുന്നത്. അന്ന് മുതല്‍ പെട്ടി പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഒരിക്കല്‍ പോലും തുറക്കേണ്ട ആവശ്യം വന്നിട്ടില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.