കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയാല്‍ പത്ത് ദിവസം കൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും: മധ്യപ്രദേശിലെ കര്‍ഷക റാലിയില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി

0
197

മധ്യപ്രദേശ് (www.mediavisionnews.in):നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയാല്‍ മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷക പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവെയ്പ്പില്‍ ആറ് പേരുടെ ജീവന്‍ നഷ്ടമായ മന്‍സോറില്‍ വെടിവെയ്പ്പിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു രാഹുല്‍.

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നതിന് മിനിമം താങ്ങു വില ഉറപ്പാക്കുകയും ഇടനിലക്കാരുടെ തട്ടിപ്പ് തടയാന്‍ കൃഷിയിടങ്ങള്‍ക്ക് സമീപം തന്നെ ഭക്ഷ്യസംസ്‌കരണ പ്ലാന്റുകള്‍ ആരംഭിക്കുമെന്നും രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി. രാജ്യത്തെ കര്‍ഷകരുടെ കണ്ണുനീര് കാണാതെ ധനാഢ്യരായ വ്യവസായികളെ താണുവണങ്ങുന്നതിന്റെ തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ഛൗഹാനുമെന്ന് രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു.

കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് നീതി ലഭിച്ചിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാരണക്കാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയും പ്രധാനമന്ത്രിയും കര്‍ഷകരുടെ കാര്യത്തില്‍ ഒരു ആശങ്കയും കാണിക്കുന്നില്ല എന്നതാണ് സത്യം. കുത്തക വ്യവസായികള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കലാണ് പാവപ്പെട്ട കര്‍ഷകരെ പരിഗണിക്കുന്നതിലും ഇവര്‍ മുഖ്യമായി കരുതുന്നത്. അതുകൊണ്ടാണ് രാ്ജ്യത്തെ 15 വ്യവസായികളുടെ 1.5 കോടി ലക്ഷം കടം മോദി സര്‍ക്കാര്‍ എഴുതിതള്ളിയത്. അതേസമയം, കര്‍ഷകരുടെ വായ്പകള്‍ ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ ആഞ്ഞടിച്ചു.

കുറഞ്ഞ വേതന പദ്ധതി നടപ്പാക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം ഒന്നു മുതല്‍ 10 വരെ ഏഴ് സംസ്ഥാനങ്ങളില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ പ്രധാന കേന്ദ്രമായ മന്‍സോറില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് റാലിയില്‍ പങ്കെടുത്തത്. കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയായ കിസാന്‍ ഏക്ത മഞ്ചിന്റെയും രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെയും നേതൃത്വത്തിലാണ് വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള സമരം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here