ആസാം (www.mediavisionnews.in) :ആസാമിലെ ഗുവാഹത്തിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍കൂട്ടം രണ്ട് യുവാക്കളെ തല്ലിക്കൊന്നു. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എത്തിയിട്ടുണ്ടെന്ന സോഷ്യല്‍ മീഡിയയിലൂടെ അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്നാണ് ആള്‍കൂട്ടം യുവാക്കളെ പിടികൂടി മര്‍ദിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം വെസ്റ്റ് കാര്‍ബി ആംഗ്ലോംഗ് ജില്ലയില്‍ ഡോക്‌മോകയിലായിരുന്നു സംഭവം. അഭിജിത് നാഥ്, നിലോത്പാല്‍ ദാസ് എന്നിവരെയാണ് ആള്‍കൂട്ടം കൊലപ്പെടുത്തിയത്. ഡോക്‌മോകയിലേക്കു സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ആള്‍കൂട്ടം ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കാറിലെത്തിയ ഇരുവരെയും നാട്ടുകാര്‍ ‘സംശയകരമായ’ സാഹചര്യത്തില്‍ കണ്ടെത്തുകയും തടഞ്ഞുവയ്ക്കുകയുമായിരുന്നു.
അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ സംഭവത്തെ ശക്തമായി അപലപിച്ചു. മുഖ്യമന്ത്രി പോലീസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചതായും ഉടന്‍തന്നെ അറസ്റ്റ് നടക്കുമെന്നും അസം പോലീസ് അറിയിച്ചു.