ഒരേ ദിവസം അസ്തമിച്ചത് രണ്ട് സൂര്യന്‍: മെസിയുടെ അര്‍ജന്റീനയ്ക്ക് ശേഷം റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും പുറത്ത്; ലോകകപ്പിനിത് സങ്കട രാത്രി

0
132

(www.mediavisionnewsin)ലയണല്‍ മെസിയുടെ അര്‍ജന്റീന പുറത്തായതിനൊപ്പം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ലാറ്റിനമേരിക്കന്‍ ടീമായ ഉറുഗ്വയോട് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തോറ്റത്. ഫിഷ്ട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഡിസണ്‍ കവാനിയുടെ ഇരട്ട ഗോളുകളാണ് ഉറുഗ്വയ്ക്ക് ക്വാര്‍ട്ടറിലേക്ക് ടിക്കറ്റ് നല്‍കിയത്. പോര്‍ച്ചുഗലിന്റെ ഏക ഗോള്‍ പെപെയുടെ വകയായിരുന്നു.

ഇന്ന് നടന്ന ഫ്രാന്‍സ്-അര്‍ജന്റീന ആദ്യ പ്രീ ക്വാര്‍ട്ടറിനെ അപേക്ഷിച്ച് ആവേശം കുറഞ്ഞ മത്സരത്തില്‍ എഡിസണ്‍ കവാനിയാണ് ഉറുഗ്വയെ ആദ്യം മുന്നിലെത്തിച്ചത്.  മത്സരം തുടങ്ങി ഏഴാം മിനുട്ടിലായിരുന്നു കവാനിയുടെ ഗോള്‍. ലൂയിസ് സുവാരസിന്റെ ക്രോസില്‍ നിന്നാണ് കവാനിയുടെ ഗോള്‍ പിറന്നത്. ഇടത് പാര്‍ശ്വത്തില്‍ നിന്നും നല്‍കിയ ക്രോസ് മനോഹരമായി പോര്‍ച്ചുഗല്‍ കീപ്പറെ കവാനി മറികടക്കുകയായിരുന്നു.

ആദ്യ പകുതിയ ഉറുഗ്വയുടെ ലീഡിലാണ് അവസാനിച്ചത്. എന്നാല്‍, ഒരു ഗോളിന്റെ ലീഡ് മാത്രം നേടി അമിത പ്രതിരോധത്തിന് മുതിര്‍ന്ന ഉറുഗ്വയ്ക്ക് രണ്ടാം പകുതിയില്‍ അതിന്റെ ശിക്ഷ കിട്ടി. 55ാം മിനുട്ടില്‍ പെപെയാണ് പോര്‍ച്ചുഗലിന്റെ സമനില ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കില്‍ നിന്നും പന്ത് വാങ്ങി ക്രോസ് ഗുരെയ്‌റോയുടെ ക്രോസിന് റൊണാള്‍ഡോയെ മാര്‍ക്ക് ചെയ്ത ഉറുഗ്വന്‍ താരങ്ങള്‍ റൊണാള്‍ഡോയ്ക്ക് പിന്നിലുള്ള പെപ്പെയെ കണ്ടില്ല. ഉയര്‍ന്ന് ചാടി ഫ്രീ ഹെഡറിലൂടെ പെപെ ഉറുഗ്വന്‍ വലയില്‍ പന്തെത്തിച്ചു. സ്‌കോര്‍ 1-1.

 

എന്നാല്‍, സമനിലയില്‍ തുടരാന്‍ ഉറുഗ്വ ഒരുക്കമല്ലായിരുന്നു. വീണ്ടും എഡിസണ്‍ കവാനി രക്ഷകനായി. ബെന്റാകുറിന്റെ പാസില്‍ നിന്ന് മനോഹര ഫിനിഷിലൂടെ പോര്‍ച്ചുഗല്‍ ഗോള്‍വര കടത്തിയ കവാനിയുടെ ടൂര്‍ണമെന്റിലെ മൂന്നാം ഗോളായിരുന്നു ഇത്. ഒരു ഗോളിന് പിന്നിലായതോടെ ആക്രമണം മുറുക്കിയ പോര്‍ച്ചുഗലിന് പക്ഷേ ഡിയാഗോ ഗോഡിനും ഗിമിനെസും നയിച്ച ഉറുഗ്വന്‍ പ്രതിരോധം മറികടക്കാനായില്ല.

ഒറ്റ രാത്രിയില്‍ തന്നെ രണ്ട് സൂപ്പര്‍ താരങ്ങളുടെ ടീമുകള്‍ പുറത്തായത് ആരാധകര്‍ക്ക് സങ്കടം സമ്മാനിച്ചു. 30 കാരനായ മെസിക്കും 33 കാരനായ റൊണാള്‍ഡോയും ഇത് അവസാന ലോകകപ്പായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here