യു.പി:(www.mediavisionnews.in) ഉത്തര്‍പ്രദേശിലെ ഒരു പാര്‍ക്കില്‍ രാവിലേയും വൈകുന്നേരവും നടക്കാന്‍ പോകുന്നവര്‍ ദേശീയഗാനവും കൂടി പാടണം. യുപിയിലെ സഹരന്‍പൂരില്‍ നല്ല തിരക്കുള്ള പാര്‍ക്കിലാണ് അധികൃതര്‍ ഇത്തരത്തില്‍ ഒരു വിചിത്ര നിര്‍ദേശം കൊണ്ടുവന്നിരിക്കുന്നത്. പാര്‍ക്കില്‍ കൂറ്റന്‍ ദേശീയപതാകയും സ്ഥാപിച്ചിട്ടുണ്ട്.
പാര്‍ക്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്കിയ സഹരന്‍പൂര്‍ ഡിവിഷണല്‍ കമ്മീഷണര്‍ എസ് പി ത്രിപാദി പറയുന്നു ‘ഇവിടെ ആയിരക്കണക്കിന് ജനങ്ങള്‍ രാവിലേയും വൈകുന്നേരവുമായി വരുന്നുണ്ട്. ഈയൊരു പ്രവര്‍ത്തിയിലൂടെ ജനങ്ങള്‍ കൂടുതല്‍ ദേശസ്നേഹമുള്ളവരായി മാറും.’
സിനിമ തിയ്യേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയ ഗാനം കാണിക്കണമെന്നും, ആ സമയം എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള കോടതി നിര്‍ദേശം വലിയ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയ പശ്ചാത്തലത്തില്‍ സുപ്രീം കോടതി തന്നെ 2017 ഒക്ടോബര്‍ 23-ന് ദേശസ്നേഹം എടുത്തണിയാനുള്ള ഒന്നല്ല എന്നും തിയ്യേറ്ററുകളിലെ ദേശീയഗാനം നിര്‍ബന്ധമല്ലെന്നും വ്യക്തമാക്കിയിരുന്നു.