റാമല്ല (www.meiavisionnews.in): ഇസ്രയേലിനെതിരായ സൗഹൃദ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറി. അര്‍ജന്‍റീനന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിനെതിരെ ഫലസ്തീനില്‍ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. മത്സരത്തിനിറങ്ങിയാല്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ജഴ്സി കത്തിക്കാനും ആഹ്വാനമുണ്ടായി. സുരക്ഷാഭീഷണിയും തീരുമാനത്തിന് കാരണമായിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അര്‍ജന്റീനിയന്‍ പ്രസിഡന്‍റ് മൗറിസ്യോ മക്രിയുമായി ടെലിഫോണിലൂടെ സംസാരിക്കുമെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ പത്തിന് ടെഡി സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരമാണ് അവസാന നിമിഷം റദ്ദാക്കിയത്. അറേബ്യന്‍ നാടുകളില്‍ മെസ്സിക്ക് കടുത്ത ആരാധകരാണുള്ളത്. ഇസ്രായേലില്‍ മെസ്സി കളിക്കുന്നതിനെതിരെ വന്‍ ക്യാമ്ബയിനാണ് സാമൂഹിക മാധ്യമങ്ങളിലടക്കം നടന്നത്. മെസ്സി കളിച്ചാല്‍ താരത്തിന്‍െറ ജഴ്സിയും ചിത്രങ്ങളും മെസ്സി ആരാധകര്‍ കത്തിക്കണമെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചീഫ് ജിബ്‌രീല്‍ റജൗബ് അഭ്യര്‍ത്ഥിച്ചിരുന്നു.
മെസ്സി സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. അറബ്, മുസ്ലീം രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരാണ് മെസ്സിക്കുള്ളത്. സൗഹൃദം എന്താണെന്ന് അറിയാത്ത രാജ്യമാണ് ഇസ്രായേല്‍ അവരുമായി ഫുട്ബാള്‍ കളിക്കരുതെന്ന് ഫലസ്തീന്‍ ആരാധര്‍ നേരത്തെ മെസ്സിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ‘നതിങ് ഫ്രണ്ട്‌ലി’ എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയ ക്യാമ്ബയിന്‍ സംഘടിപ്പിച്ചിരുന്നു-ജിബ്‌രീല്‍ റജൗബ് പറഞ്ഞു.
ഇസ്രായേലിന്റെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള അര്‍ജന്‍റീനയുടെ സന്നാഹ മത്സരത്തെ ഇസ്രായേല്‍ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നതായി അര്‍ജന്റീന സര്‍ക്കാര്‍, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍, ഫിഫ, അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി എന്നിവര്‍ക്ക് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പരാതിപ്പെട്ടിരുന്നു.
ഇസ്രായേല്‍ തലസ്ഥാനമായി ജറൂസലം അമേരിക്ക അംഗീകരിച്ചത് മുതല്‍ ഫലസ്തീനില്‍ പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്. അതിര്‍ത്തിയില്‍ പ്രതിഷേധിച്ച നിരവധി പേരെയാണ് ഇസ്രായേല്‍ സൈന്യം ഇതിനകം കൊലപ്പെടുത്തിയത്. അമേരിക്കന്‍ എംബസി തുറന്ന മെയ് 14 ന് ഇസ്രായേല്‍ സേന 61 ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്.