ക്വാലാലംപൂര്‍ (www.mediavisionnews.in): ആവേശം അവസാന പന്തിലേക്കെത്തി മല്‍സരത്തില്‍ ഇന്ത്യയെ മുട്ടുകുത്തിച്ച് ഏഷ്യാ കപ്പ് കിരീടം ബംഗ്ലാദേശിന്. ചരിത്രത്തിലാധ്യമായാണ് ബംഗ്ലാദേശ് ഏഷ്യാകപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. ആവേശ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 112 എന്ന സ്കോറിലേക്ക് എറിഞ്ഞിട്ട ബംഗ്ലാദേശ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യമായാണ് ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് കിരീടം നഷ്ടമാവുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. ഓപണര്‍മാരായ മിതാലി രാജും (11) സ്മൃതി മന്ദാനയും (7) മികച്ച ഇന്നിങ്സ് പടുത്തുയര്‍ത്തും മുമ്പേ മടങ്ങി. എന്നാല്‍ അവസരോചിത ബാറ്റിങ് പ്രകടനം പുറത്തെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ (53) ബാറ്റിങാണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിനെ 100 കടത്തിയത്. വേദ കൃഷണമൂര്‍ത്തി (11), ജുലാന് ഗോസാമി (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ബംഗ്ലാദേശിന് വേണ്ടി ഖദീജ തുല് കുബ്രയും റുമാന അഹമ്മദും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.
മറുപടിക്കിരങ്ങിയ ബംഗ്ലാദേശിന് തുടക്കം മുതല്‍ ഇന്ത്യ സമ്മര്‍ദത്തിലാക്കിയെങ്കിലും അവസാന ഓവറില്‍ ജയം ബംഗ്ലാദേശ് പിടിച്ചെടുക്കുകയായിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ എറിഞ്ഞ അവസാന ഓവറില്‍ 9 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ഹര്‍മന്‍പ്രീത് വീഴ്ത്തിയെങ്കിലും ജഹനാറ അലാം (2*) സല്‍മ (0*) എന്നിവര്‍ ചേര്‍ന്ന് അവസാന പന്തില്‍ ബംഗ്ലാദേശിന് വിജയം സമ്മാനിക്കുകയായിരുന്നു. മധ്യനിരയില്‍ നിഗര്‍ സുല്‍ത്താന (27), റുമാന അഹമ്മദ് (23) എന്നിവരുടെ ബാറ്റിങാണ് ബംഗ്ലാദേശ് ഇന്നിങ്സിന് അടിത്തറയേകിയത്.
ഇന്ത്യക്ക് വേണ്ടി പൂനം യാദവ് നാലും ഹര്‍മന്‍പ്രീത് കൗര്‍ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. റുമാന അഹമ്മദ് കളിയിലെ താരമായപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ടൂര്‍ണമെന്റിലെ താരം.