മോസ്‌കോ (www.mediavisionnews.in): ബ്രസീല്‍, അര്‍ജന്റീന ആരാധകരുടെ ആഗ്രഹങ്ങള്‍ ജൂലായ് ഏഴുവരെ അതുപോലെ നടന്നാല്‍ ഒരുകാര്യം ഉറപ്പ് – റഷ്യന്‍ ലോകകപ്പിന്റെ സെമിഫൈനലില്‍ ഏവരും കാത്തിരിക്കുന്ന ആ പോരാട്ടം നടക്കും. ജൂലായ് 10-ന് നടക്കുന്ന ആദ്യസെമിയില്‍ ബ്രസീല്‍, അര്‍ജന്റീനയുമായി കൊമ്ബുകോര്‍ക്കും. പക്ഷേ, അപ്പോഴേക്കും മെസ്സിക്കും സംഘത്തിനും രണ്ടു കളികളിലായി അരിഞ്ഞുവീഴ്ത്തേണ്ടിവരുന്നത് ഫ്രാന്‍സും യുറഗ്വായും അടക്കമുള്ള മുന്‍ ലോകചാമ്ബ്യന്മാരെ, അല്ലെങ്കില്‍ ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലിനെ.
ലോകകപ്പ് പ്രീക്വാര്‍ട്ടറിനു മുന്നിലെത്തിനില്‍ക്കുമ്ബോള്‍ കളിയാരാധകരുടെ ആകാംക്ഷകള്‍ക്കൊത്ത് പ്രവചനങ്ങളും ബെറ്റിങ്ങുമെല്ലാം പൊടിപൊടിക്കുകയാണ്.
എട്ട് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ആദ്യപകുതിയിലാണ് കടലാസിലെ ശക്തരായ ടീമുകളില്‍ മിക്കതും. യുറഗ്വായും പോര്‍ച്ചുഗലും ഫ്രാന്‍സും അര്‍ജന്റീനയും സ്പെയിനുമെല്ലാം വരുന്നത് ഇവിടെത്തന്നെ. ബ്രസീലും ഇംഗ്ലണ്ടും മാത്രമാണ് രണ്ടാം പകുതിയിലെ ‘ശക്തര്‍’. ക്വാര്‍ട്ടര്‍ തീരുന്നതോടെ പ്രീക്വാര്‍ട്ടറിലെ രണ്ടു പകുതികള്‍ എന്ന വ്യത്യാസം മാഞ്ഞുപോകും. അങ്ങനെയാണ് ജയിച്ചുകയറിയാല്‍ അര്‍ജന്റീന-ബ്രസീല്‍ എന്ന സാധ്യതയിലേക്കെത്തുന്നത്.
അര്‍ജന്റീനയ്ക്ക് പ്രീക്വാര്‍ട്ടറില്‍ 1998-ലെ ചാമ്ബ്യന്മാരായ ഫ്രാന്‍സാണ് എതിരാളികള്‍. ഇതില്‍ ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ യുറഗ്വായ്-പോര്‍ച്ചുഗല്‍ മത്സരത്തിലെ വിജയികളെ നേരിടും. പോര്‍ച്ചുഗലാണ് വരുന്നതെങ്കില്‍ ബാഴ്‌സലോണ-റയല്‍ പോരാട്ടങ്ങളില്‍ കണ്ടിട്ടുള്ളതുപോലെ മെസ്സി-ക്രിസ്റ്റ്യാനോ പോരാട്ടത്തിന് ഈ കളി വഴിയൊരുക്കും. ജയിച്ചാല്‍ അര്‍ജന്റീന സെമിയിലെത്തും.
ആദ്യകളിയില്‍ ജര്‍മനിയെ അട്ടിമറിച്ച മെക്സിക്കോയാണ് പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനെ കാത്തിരിക്കുന്നത്. ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ ഒരുപക്ഷേ, ബെല്‍ജിയത്തെയോ ഇംഗ്ലണ്ടിനെയോ നേരിടേണ്ടിവരും. അതും കടന്നാല്‍ സെമിയില്‍ അര്‍ജന്റീനയെ നേരിടേണ്ടിവന്നേക്കാം.
2010-ലെ ചാമ്ബ്യന്മാരായ സ്പെയിനിന് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാണ്. റഷ്യയാണ് പ്രീക്വാര്‍ട്ടറില്‍ എതിരാളികള്‍. ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയെയോ ഡെന്മാര്‍ക്കിനെയോ നേരിടേണ്ടിവരും. ജയിച്ചാല്‍ സെമിയില്‍ ഇംഗ്ലണ്ടോ ബെല്‍ജിയമോപോലുള്ള ടീമുകളെ നേരിടാം. ഈ സാധ്യതകളെല്ലാം ഒത്തുവന്നാല്‍ ജൂലായ് 15-ന് ബ്രസീല്‍-സ്പെയിന്‍ ഫൈനലോ അര്‍ജന്റീന-സ്പെയിന്‍ ഫൈനലോ സംഭവിച്ചേക്കാം. ജര്‍മനിയുടെ ആദ്യറൗണ്ടിലെ ദുരന്തംപോലുള്ളവ പ്രീക്വാര്‍ട്ടറിലും സംഭവിച്ചാല്‍ എല്ലാ കണക്കും പിഴയ്ക്കും. ഒരുപക്ഷേ, ലോകകപ്പിനുതന്നെ ഒരു പുതിയ അവകാശിവന്നേക്കാം.