ന്യൂഡൽഹി (www.mediavisionnews.in): മോദി സർക്കാറിന്‍റെ പിന്നാക്ക വിഭാഗങ്ങൾക്ക് നേരെയുള്ള നടപടികൾക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്തെ ഭിന്നിപ്പിച്ചുവെന്ന് രാഹുൽ കുറ്റപ്പെടുത്തി.
ആർ.എസ്.എസ് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. പിന്നാക്ക ജനങ്ങൾക്കിടയിൽ പ്രശ്നമുണ്ടാക്കാനാണ് അവരുടെ ശ്രമമെന്നും ഡൽഹിയിൽ നടന്ന ഒ.ബി.സി സമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
കഠിനാധ്വാനം ചെയ്യുന്നവരുടെ പ്രതിഫലത്തിന്‍റെ പങ്ക് പറ്റുന്നത് മറ്റുള്ളവരാണ്. കർഷകർക്ക് വേണ്ടി മോദി ഒന്നും ചെയ്യുന്നില്ല. കർഷകർ പ്രതിസന്ധി നേരിടുമ്പോഴും മോദിക്ക് താല്പര്യം വ്യവസായികളെയാണ്. നിങ്ങൾക്കൊരിക്കലും മോദിയുടെ ഒാഫീസിൽ കർഷകരെ കാണാനാവില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
മോദിയും അമിത് ഷായും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും നിയന്ത്രിക്കുന്ന ഭരണം രാജ്യത്തെ ഏതാനും ചിലർക്കു വേണ്ടി മാത്രമുള്ളതാണ്. പിന്നാക്ക വിഭാഗക്കാർ, ദലിതർ, ദരിദ്ര വിഭാഗങ്ങളെല്ലാം അവഗണന നേരിടുന്നു. ഒരു വർഷത്തിനകം ജനങ്ങളുടെ യഥാർഥ ശക്തി എന്തെന്ന് മോദി മനസ്സിലാക്കും. പിന്നാക്ക വിഭാഗക്കാരെ രാജ്യ പുരോഗതിയുടെ താക്കോൽ സ്ഥാനങ്ങളിലെത്തിക്കാൻ കോൺഗ്രസ് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.