ആന്ധ്രയുടെ ഭരണം പിടിക്കാന്‍ മമ്മുട്ടിയുടെ ‘യാത്ര’ ആശങ്കയോടെ തെലുങ്കുദേശം പാര്‍ട്ടി

0
163

വിജയവാഡ (www.mediavisionnews.in): മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ താരത്തെ ചങ്കിടിപ്പോടെ നോക്കുകയാണിപ്പോള്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ തെലുങ്കുദേശം പാര്‍ട്ടി നേതാക്കളും മമ്മുട്ടിയുടെ ആന്ധ്ര ദൗത്യത്തില്‍ കടുത്ത ആശങ്കയിലാണ്.

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ‘യാത്ര’ സിനിമയില്‍ രാജശേഖര റെഡ്ഡിയെ അവതരിപ്പിക്കുന്നത് മമ്മുട്ടിയാണ്.

ആന്ധ്രയെ ഉഴുതുമറിച്ച് വൈ.എസ്.ആര്‍ നടത്തിയ യാത്രയെ അനുസ്മരിച്ചാണ് സിനിമക്ക് ‘യാത്ര’ എന്നു പേരിട്ടിരിക്കുന്നത്. ആന്ധ്രയിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായാണ് വൈ.എസ്.ആറിനെ വിലയിരുത്തപ്പെടുന്നത്.

വൈ.എസ്.ആര്‍ ജീവിച്ചിരുന്നുവെങ്കില്‍ ആന്ധ്രയെ വിഭചിച്ച് തെലങ്കാന സംസ്ഥാനം ഉണ്ടാകില്ലന്ന് വരെ രാഷ്ട്രിയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട വൈ.എസ്.ആറിനെ ഒരു നോക്ക് കാണാന്‍ ലക്ഷങ്ങള്‍ ആണ് ഗ്രാമങ്ങളില്‍ നിന്നും ഒഴുകി എത്തിയിരുന്നത്.

വൈ.എസ്.ആറിന്റെ മരണശേഷം സജീവ രാഷ്ട്രീയത്തിലിറങ്ങിയ ബിസിനസ്സുകാരനായ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ പിന്നീട് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം പുകച്ച് പുറത്തുചാടിച്ചു. അധികാര തര്‍ക്കം തന്നെയായിരുന്നു ഈ നടപടിക്ക് പിന്നില്‍.

എന്നാല്‍ ആന്ധ്രയിലെ രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച് വൈ.എസ്.ആര്‍.കോണ്‍ഗ്രസ്സ് രൂപീകരിച്ച ജഗന്‍ മോഹന്‍ റെഡ്ഡി ഉപതെരെഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയിച്ചു.

ആന്ധ്രയിലെ വലിയ മാധ്യമ സ്ഥാപനത്തിന്റെ ഉടമ കൂടിയായ ജഗന്‍ മോഹന്‍ റെഡ്ഡി വളരെ പെട്ടന്നാണ് ശക്തനായ രാഷ്ട്രിയ നേതാവായി ഇവിടെ ഉയര്‍ന്നത്. ഇപ്പോള്‍ ആന്ധ്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്. ലോക് സഭ തെരെഞ്ഞെടുപ്പിലും നിയമസഭാ തെരെഞ്ഞെടുപ്പിലും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് വന്‍ നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സാഹചര്യത്തിലായിരുന്നു പ്രാദേശികവാദം പറഞ്ഞ് കേന്ദ്ര സര്‍ക്കാറിനുള്ള പിന്തുണ തെലുങ്കുദേശം പാര്‍ട്ടി പിന്‍വലിച്ചത്.

ആന്ധ്രയെ കേന്ദ്ര സര്‍ക്കാര്‍ ‘അവഗണിക്കുന്നതില്‍’ പ്രതിഷേധിച്ച് തെലുങ്കുദേശം മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിയും വച്ചിരുന്നു.

ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത് തടയുക, ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുക എന്നതായിരുന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ലക്ഷ്യം.

ഇതിനെ മറികടക്കാന്‍ ജഗന്‍ മോഹന്‍ അണിയറയില്‍ നീക്കിയ തന്ത്രമാണ് വൈ.എസ്.ആറിനെ കേന്ദ്രകഥാപാത്രമാക്കിയ സിനിമയെന്നാണ് പറയപ്പെടുന്നത്. മമ്മുട്ടിയെ തന്നെ പിതാവിന്റെ വേഷം അവതരിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചതും അദ്ദേഹമാണെന്നാണ് പ്രമുഖ തെലുങ്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വൈ.എസ്.ആറിന്റെ ‘ചരിത്ര’ യാത്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ് ഭൂരിപക്ഷവും പങ്കെടുക്കുന്നത്.

വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ മഹി വി രാഘവ് ആണ് സംവിധാനം ചെയ്യുന്നത്. 1999 മുതല്‍ 2004 കാലഘട്ടം വരെയുള്ള വൈ.എസ്.ആറിന്റെ ജീവത കഥയാണ് ‘യാത്ര’ പറയുന്നത്.

2004-ല്‍ കോണ്‍ഗ്രസ്സിനെ വന്‍ ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിച്ച പദയാത്ര ആന്ധ്ര രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. രണ്ടു തവണ വൈ.എസ്.ആര്‍ ആന്ധ്രയുടെ മുഖ്യമന്ത്രിയായിട്ടുണ്ട്.

കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്റ് ആന്ധ്രയിലേക്ക് നിയോഗിച്ചതിന് പിന്നിലും ജഗന്‍ മോഹന്‍ റെഡ്ഡിയെ അനുനയിപ്പിക്കുക എന്ന ഉദ്യേശം കൂടിയുണ്ട്.

വൈ.എസ്.ആര്‍ ആയി വെള്ളിത്തിരയിലെത്തുന്ന മമ്മുട്ടി 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത്.

ഭരണഘടനാ ശില്പി അംബ് ദേക്കറുടെ റോളില്‍ തകര്‍ത്തഭിനയിച്ച് ഇന്ത്യന്‍ സിനിമാ മേഖലയെ ഞെട്ടിച്ച മെഗാസ്റ്റാര്‍ വീണ്ടും ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെ അവതരിപ്പിച്ച് ആന്ധ്ര രാഷ്ട്രീയത്തെ പിടിച്ചുലക്കുകയാണ്.

പൊതു തെരെഞ്ഞെടുപ്പിന് മുന്‍പ് സിനിമ റിലീസ് ചെയ്യുന്നതിനായി യുദ്ധകാല അടിസ്ഥാനത്തിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

സിനിമയും രാഷ്ട്രീയവും ഇടകലർന്ന തെലുങ്ക് മണ്ണിൽ സൂപ്പർ സ്റ്റാർ എൻ.ടി.രാമറാവു രൂപീകരിച്ച പാർട്ടിയാണ് തെലുങ്കുദേശം.കന്നി തെരെഞ്ഞെടുപ്പിൽ ആന്ധ്ര തൂത്തുവാരിയാണ് എൻ.ടി.ആർ മുഖ്യമന്ത്രിയായത്. അദ്ദേഹത്തിന്റെ പിൻഗാമിയും ബന്ധുവുമായ ചന്ദ്രബാബു നായിഡുവിനെ ഇപ്പോൾ ആശങ്കപെടുത്തുന്നതും സൂപ്പർ താരം തന്നെയാണ്.അത് തെലുങ്ക് സിനിമയിലല്ല മറിച്ച് മലയാളത്തിന്റെ സ്വന്തം മമ്മുക്കയാണെന്നതാണ് വ്യത്യാസം.

ജഗൻ മോഹൻ റെഡ്ഡിക്ക് മുഖ്യമന്ത്രി കസേര ലഭിക്കാൻ സൂപ്പർ താരത്തിന്റെ സിനിമ കാരണമാകുമോ എന്നതാണ് ആന്ധ്രയിലെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here