അര്‍ജന്‍റീന ആരാധകരേ, നിരാശരാകരുത്; ലോകകപ്പ് ആര് നേടുമെന്ന് പ്രവചിച്ച് ഗാംഗുലി

0
134

കൊല്‍ക്കത്ത (www.mediavisionnews.in): ഇന്ത്യന്‍ ക്രിക്കറ്റിന് സ്വപ്ന സമാനമായ നേട്ടങ്ങള്‍ സമ്മാനിച്ച നായകനാണ് സൗരവ് ഗാംഗുലി. ക്രിക്കറ്റില്‍ മാത്രമല്ല ഫുട്ബോളിലും കൊല്‍ക്കത്തയുടെ രാജകുമാരന്‍ പുലി തന്നെയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ടു വട്ടം കിരീടം നേടിയിട്ടുണ്ട് ദാദയുടെ സ്വന്തം കൊല്‍ക്കത്ത. ഇപ്പോഴിതാ ലോകകപ്പ് ആര് നേടുമെന്ന് പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗാംഗുലി.

അര്‍ജന്‍റീനയുടെ ആരാധകരെ നിരാശരാക്കുന്നതാണ് ദാദയുടെ പ്രവചനം. അര്‍ജന്‍റീനയുടെ ചിരവൈരികളായ ബ്രസീലിനാണ് ഗാംഗുലി ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത്. കപ്പടിക്കാന്‍ ഏറ്റവും സാധ്യത ബ്രസീലിന് തന്നെയെന്ന് ഗാംഗുലി പറയുന്നു. സാംബാ ചുവടുമായി കളിക്കളം അടക്കിവാഴുന്ന ബ്രസീലിയന്‍ ഫുട്ബോളിന്‍റെ ആരാധകനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മ്മനിക്കാണ് ബ്രസീല്‍ കഴിഞ്ഞാല്‍ ഗാംഗുലി സാധ്യത കല്‍പ്പിക്കുന്നത്. യുവതാരങ്ങളാല്‍ സമ്പന്നമായ മികച്ച കെട്ടുറപ്പുള്ള ടീം എന്നതാണ് ജര്‍മ്മനിയുടെ കരുത്തെന്ന് അദ്ദേഹം ചൂണ്ടികാട്ടി. അര്‍ജന്‍റീന ഇക്കുറി കപ്പടിച്ചാല്‍ ആഹ്ളാദമുണ്ടാകുമെന്നും ദാദ കൂട്ടിച്ചേര്‍ത്തു. ബ്രസീലിയന്‍ ഫുട്ബോളിന്‍റെ ആരാധകനായിരിക്കുമ്പോഴും മെസിയുടെ കളി ഏറെ ഇഷ്ടമായതുകൊണ്ടാണ് അങ്ങനെയൊരു ആഗ്രഹമെന്നും ഗാംഗുലി തുറന്നുപറഞ്ഞു.

ഫുട്ബോള്‍ ലോകത്തെ മാന്ത്രിക താരമായിട്ടും രാജ്യത്തിന് വേണ്ടി കിരീടങ്ങളൊന്നും സ്വന്തമാക്കാത്ത മെസി ലോകകപ്പില്‍ മുത്തമിടുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു. മെസി ലോകകപ്പ് അര്‍ഹിക്കുന്നുണ്ട്. പക്ഷെ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. റഷ്യന്‍ ലോകകപ്പിന്‍റെ കലാശക്കളി കാണാന്‍ മോസ്കോയിലുണ്ടാകുമെന്നും ദാദ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here