(www.mediavisionnews.in) അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസിയ്ക്ക് ഇന്ന് മുപ്പത്തിയൊന്നാം പിറന്നാള്‍. കാല്‍പന്ത് ലോകത്തില്‍ തന്റെ കഴിവ് കൊണ്ട് പെട്ടെന്ന് തന്നെ വളര്‍ന്നു വന്ന താരമാണ് ലയണല്‍ മെസി. താരത്തിന്റെ 31 ാം പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ സ്വപ്‌നം കാണുന്നത് വലിയ ഒരു തിരിച്ചുവരവാണ്.
ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങളില്‍ ഫുട്‌ബോളിലെ സുവര്‍ണ്ണകിരീടത്തിനു വേണ്ടി അത്ഭുത പോരാട്ടത്തിന് മെസിക്ക് സാധിക്കുമെന്നാണ് ആരാധകര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. പുറത്താക്കലിന്റെ പടിവാതിക്കല്‍ നില്‍ക്കുന്ന അര്‍ജന്റീനയുടെ മടങ്ങിവരവും പ്രതീക്ഷകളും മെസിയെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് ആരാധകര്‍ വ്യക്തമാക്കുന്നത്.
കാല്‍പ്പന്ത് കളിയില്‍ മെസി നേടിയ നേട്ടങ്ങള്‍ പ്രശംസനീയമാണ്. എങ്കിലും സൂപ്പര്‍ താരത്തിന് ലോകകിരീടം അന്യമാണ്. പത്തു വര്‍ഷത്തില്‍ അധികമായി അന്താരാഷ്ട്ര ഫുട്‌ബോളില്‍ ബൂട്ടണിയുന്ന മെസി ഇത്തവണ സുവര്‍ണ്ണകിരീടം നേടണമെന്ന ആഗ്രഹമാണ് ആരാധകര്‍ക്കുള്ളത്. പക്ഷേ അര്‍ജന്റീനയെ സംബന്ധിച്ച് മടങ്ങിവരവ് ദുഷ്‌കരമാണ്. ആദ്യ റൗണ്ട് കടക്കാന്‍ തന്നെ കഷ്ടപ്പെടുകയാണ് ടീം.
മെസി ഗോള്‍ വേട്ട തുടങ്ങിയിട്ടുമില്ല.കഴിഞ്ഞ ലോകകപ്പില്‍ ജന്മദിനത്തിന്റെ തൊട്ടടുത്ത ദിവസം രണ്ടു ഗോള്‍ നേടി നൈജീരിയക്കെതിരെ വിജയക്കൊടി പാറിച്ച മെസിയുടെ കാലുകള്‍ ഇത്തവണയും അത്ഭുതത്തിന് കാരണമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.