ചെങ്ങന്നൂരില്‍ ഇടത് തന്നെ; സജി ചെറിയാന് ചരിത്ര ഭൂരിപക്ഷം

0
193

ചെങ്ങന്നൂര്‍(www.mediavisionnews.in) : യു.ഡി.എഫിന്റേയും ബി.ജെ.പിയുയുടേയും ശക്തികേന്ദ്രങ്ങളെ കടുപുഴക്കി ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ചരിത്ര ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് ഉജ്ജ്വലവിജയം നേടി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടത്. സജിക്ക് 67,303 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫിന്റെ ഡി.വിജയകുമാറിന് 46347 വോട്ടേ കിട്ടിയുള്ളൂ. കഴിഞ്ഞ തവണ 42,​682 വോട്ട് നേടിയ ബി.ജെ.പിയുടെ പി.എസ്.ശ്രീധരന്‍ പിള്ളയ്ക്ക് ഇത്തവണ 35,270 വോട്ട് മാത്രമെ ലഭിച്ചുള്ളൂ. 2016ല്‍ 7983 ആയിരുന്നു എല്‍.ഡ‌ി.എഫിന്റെ അന്തരിച്ച കെ.കെ.രാമചന്ദ്രന്‍ നായര്‍ക്ക് ലഭിച്ച ഭൂരിപക്ഷം. ചെങ്ങന്നൂരിലെ തന്നെ എക്കാലത്തേയും മികച്ച ഭൂരിപക്ഷമാണ് ഇപ്പോള്‍ ലഭിച്ചത്. 40 പോസ്‌റ്റല്‍ വോട്ടുകളും സജി ചെറിയാന് തന്നെ ലഭിച്ചു.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിറുത്തിയായിരുന്നു സജി ചെറിയാന്റെ മുന്നേറ്റം. യു.ഡി.എഫിന്റെ പരന്പരാഗത പഞ്ചായത്തുകളില്‍ പോലും സജി ചെറിയാന്‍ അനായാസം പിടിച്ചു കയറി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കരുതിയ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഭരണത്തെ അംഗീകരിച്ചു എന്ന സൂചനയാണ് ഈ തിരഞ്ഞെടുപ്പ് നല്‍കുന്നത്. ഉപതിരഞ്ഞെടുപ്പാണെന്ന സാങ്കേതികം പറഞ്ഞൊഴിയാമെങ്കിലും യു,ഡി.എഫിനെ ഈ തോല്‍വി ഇരുത്തിച്ചിന്തിപ്പിക്കുമെന്ന് ഉറപ്പാണ്. സര്‍ക്കാരിനെതിരായ വികാരം മുതലാക്കാന്‍ കഴിയാതെ പോയതും പ്രചാരണ പരിപാടികളില്‍ വേണ്ടത്ര മുന്നേറാനാകാതെ പോയതും യു.ഡി.എഫിന് ക്ഷീണമായി.

ആദ്യ റൗണ്ട് മുതല്‍ ലീഡ് വിട്ടുകൊടുക്കാതെയാണ് സജി ചെറിയാന്‍ കടുത്ത രാഷ്ട്രീയപോരാട്ടം നടന്ന ചെങ്ങന്നൂരില്‍ തിളക്കമാര്‍ന്ന വിജയത്തിലെത്തിയത്. പ്രതീക്ഷിച്ച കോട്ടകള്‍പോലും തകര്‍ന്നതിന്റെ നിരാശ കോണ്‍ഗ്രസ്, ബി.ജെ.പി കേന്ദ്രങ്ങളില്‍ തുടക്കംമുതല്‍ വ്യക്തമായിരുന്നു. ഇടയ്ക്കിടെ ലീഡ് നിലയില്‍ ചെറിയ ഏറ്റക്കുറച്ചില്‍ വന്നെങ്കിലും ഒരിക്കല്‍പോലും സജി ചെറിയാനെ കടത്തിവെട്ടി മുന്നേറാന്‍ കോണ്‍ഗ്രസ്, ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കായില്ല. ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്തും ബി.ജെ.പി മൂന്നാം സ്ഥാനത്തുമാണ്.

കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ഡി. വിജയകുമാറിനെ രംഗത്തിറക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച പി.എസ്. ശ്രീധരന്‍പിള്ളയെ വീണ്ടും രംഗത്തിറക്കി അട്ടിമറി വിജയ പ്രതീക്ഷയോടെയായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. എന്നാല്‍, ചെങ്ങന്നൂര്‍ വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ പ്രചാരണം നയിച്ച എല്‍.ഡി.എഫ് വിജയം കൊയ്യുകയായിരുന്നു. ബി.ഡി.ജെ.എസിന്റെ നിസഹകരണം ബി.ജെ.പിക്ക് തിരിച്ചടിയായെങ്കില്‍ മാണി ഗ്രൂപ്പിന്റെ പിന്തുണ യു.ഡി.എഫിനെയും തുണച്ചില്ല. പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം പൊലീസ് വീഴ്ചയായി പ്രതിപക്ഷം ആരോപിക്കുമ്ബോള്‍ ചെങ്ങന്നൂര്‍ ഫലം മുഖ്യന്ത്രി പിണറായി വിജയനും ഇടതുസര്‍ക്കാരിനും വലിയ ആശ്വാസമായി. വോട്ടെടുപ്പ് ദിനത്തിലാണ് കൊലപാതകം വലിയ വിവാദമായി കത്തിപ്പടര്‍ന്നത്.

പത്ത് പഞ്ചായത്തുകളും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയും അടങ്ങിയ മണ്ഡലത്തില്‍ മാന്നാര്‍ പഞ്ചായത്തിലെ വോട്ടാണ് ആദ്യം എണ്ണിയത്. യു.ഡി.എഫ് സ്വാധീനമുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫ് മുന്നേറ്റം ഉണ്ടായതോടെ ട്രെന്‍ഡ് എങ്ങോട്ടാണെന്ന സൂചന വ്യക്തമായി. തൊട്ടുപിന്നാലെ പാണ്ടനാടിലും ഫലം എങ്ങോട്ടാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. മലപ്പുറം ലോക്‌സഭ, വേങ്ങര നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് വിജയിച്ചപ്പോള്‍ വീറുറ്റ രാഷ്ട്രീയ പോരാട്ടം നടന്ന ചെങ്ങന്നൂരില്‍ വിജയം ഇടതുമുന്നണിയ്ക്കൊപ്പമായി. പെട്രോള്‍ വില വര്‍ദ്ധന ഉള്‍പ്പെടെ ചര്‍ച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അത് തിരിച്ചടിയായെന്നും വിലയിരുത്താം.

പഞ്ചായത്തുകളിലെ എല്‍.ഡി.എഫ് ലീഡ് നില
 മാന്നാര്‍: 2629
 പാണ്ടനാട്: 548
 തിരുവന്‍വണ്ടൂര്‍ : 10
 ചെങ്ങന്നൂര്‍ (മുനിസിപ്പാലിറ്റി) : 753
 മുളക്കുഴ: 3637
 ആല: 866
 പുലിയൂര്‍: 637
 ബുധനൂര്‍: 2646
 ചെന്നിത്തല: 2353
 ചെറിയനാട്: 2485
 വെണ്മണി: 3203

LEAVE A REPLY

Please enter your comment!
Please enter your name here