ഹൈദരാബാദ് (www.mediavisionnews.in): മാന്യമാരുടെ കളി എന്നാണ് ക്രിക്കറ്റിനെ വിശേഷിപ്പിക്കുന്നത്. തോല്‍വിയ്ക്കും ജയത്തിനുമൊക്കെ അവിടെ രണ്ടാം സ്ഥാനമാണ്. ക്രിക്കറ്റിനെ ആ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഒരു രാജ്യത്തെ ഒറ്റക്കെട്ടായിനിര്ത്താന് കെല്‍പ്പുള്ള ഒരു വിനോദംകൂടിയാണ് ക്രിക്കറ്റ്. ദശലക്ഷക്കണക്കിന് ആരാധകരുള്ള ഒരു കളിയാണ് ക്രിക്കറ്റ്. ഒരു പ്രത്യേക സംഭവത്തിലുള്ള പ്രതിഷേധമായോ, സമാധാനത്തിന്റെ പ്രതീകമായോ ക്രിക്കറ്റ് താരങ്ങള്‍ ബാന്റ് ധരിച്ച് മത്സരത്തിനിറങ്ങാറുണ്ട്. ഇത്രയധികം ആരാധകര്‍ ഒരു മത്സരം കാണുന്നു എന്നതുകൊണ്ടുതന്നെ ആ സംഭവത്തേക്കുറിച്ച് ജനങ്ങളില്‍ എത്തിക്കാന്‍ കളിക്കാര്‍ മത്സരത്തില്‍ ബാഡ്ജ് ധരിച്ച് കളത്തിലിറങ്ങാറുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ഒന്നാം ക്വാളിഫെയറില്‍ ചെന്നൈയും ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ സണ്‍റൈസേഴ്സ് താരങ്ങള്‍ മത്സരത്തില്‍ ബാഡ്ജ് ധരിച്ചാണ് എത്തിയത്. അതിനുളള കാരണം ഇതായിരുന്നു.
അഫ്ഗാന്റെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഒരു ക്രിക്കറ്റ് മത്സരത്തില്‍ സ്ഫോടനത്തില്‍ എട്ട് പേര് മരിച്ചു. റമദാന് മാസത്തില്‍ രാത്രിയില്‍ മത്സരം കാണാനെത്തിയ നൂറുകണക്കിന് ആരാധകര്‍ക്കിടയിലാണ് സ്ഫോടനമുണ്ടായത്. നാല്‍പ്പത്തിയഞ്ചോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ക്രിക്കറ്റ് ഫീല്‍ഡില്‍ സംഭവിച്ച ഇത്തരം സംഭവങ്ങള്‍ ഒരോ ക്രിക്കറ്റ് സ്നേഹിയേയും നൊമ്പരപ്പെടുത്തുന്നതാണ്. ആ പൊലിഞ്ഞുപോയ ജീവനോടുള്ള ആദരസൂചകമായും, ഭീകരാക്രമണത്തോടുള്ള പ്രതിഷേധമായിട്ടുമാണ് സണ്‍റൈസേഴ്സ് താര്ങ്ങള് കറുത്ത ബാഡ്ജ് ധരിച്ചെത്തിയത്.
എന്നാല്‍ മത്സരത്തില്‍ ഹൈദരാബാദ് ചെന്നൈയോട് 2 വിക്കറ്റ്തോല്വി വഴങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഉയര്‍ത്തിയ 140 റണ്‍സിന്റെ വിജയ ലക്ഷ്യം അവസാന ഓവറില്‍ മറികടന്നാണ് ചെന്നൈ ത്രസിപ്പിക്കുന്ന രണ്ട് വിക്കറ്റ് ജയം സ്വന്തമാക്കിയത് . ഇതോടെ, ഐപിഎല്‍ ഫൈനലിനുള്ള യോഗ്യതയ്ക്കായി ഹൈദരാബാദിന് ഇനിയും കാത്തിരിക്കണം. രണ്ടാം പ്ലേ ഓഫില്‍ കൊല്‍ക്കത്ത-രാജസ്ഥാനും തമ്മിലുള്ള വിജയിയുമായി ജയിച്ചാല്‍ മാത്രമാണ് ഹൈദരാബാദിന് കലാശപ്പോരിനെത്താന് സാധിക്കൂ.