ബംഗലൂരു: (mediavisionnews.in)കര്‍ണാടകയില്‍ ബി.ജെ.പി അഗ്നിപരീക്ഷയില്‍ തോറ്റ് പുറത്തുപോയെങ്കിലും ‘വിശ്വാസക്കൂടുതല്‍’ കാരണം റിസോര്‍ട്ടുകളില്‍ സുഖവാസത്തില്‍ കഴിയുന്ന കോണ്‍ഗ്രസ്, ജെ.ഡി.എസ്, സ്വതന്ത്ര എം.എല്‍.എമാര്‍ക്ക് ഇതുവരെ വീടുപറ്റാന്‍ കഴിഞ്ഞിട്ടില്ല. വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിശ്വാസം തെളിയിക്കട്ടെ എന്നാണ് നേതൃത്വത്തിന്റെ നിലപാട്. ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന കുമാരസ്വാമി വ്യാഴാഴ്ച സഭയില്‍ വിശ്വാസം തേടും.
കുമാരസ്വാമി വിശ്വാസം തെളിയിക്കുന്നതുവരെ എം.എല്‍.എമാര്‍ ഹോട്ടലുകളില്‍ തുടരും. പാര്‍ട്ടി തീരുമാനം അനുസരിക്കണമെന്ന് എം.എല്‍.എമാരോട് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ഈ മാസം 15 മുതല്‍ കുടുംബവുമായി അകന്നുകഴിയുകയാണ് എം.എല്‍.എമാര്‍. ഇവരെ അവരവരുടെ മണ്ഡലങ്ങളിലേക്ക് തിരിച്ചയക്കാന്‍ ഞായറാഴ്ച രാവിലെ കോണ്‍ഗ്രസും ജെ.ഡി.എസും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവരെ ബി.ജെ.പി ‘അടിച്ചുമാറ്റിയാലോ’ എന്ന ഭയം ആ തീരുമാനം മാറ്റാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുകയായിരുന്നു. ദിവസത്തില്‍ ഒരിക്കലെങ്കിലും ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും നേതൃത്വം തള്ളിക്കളഞ്ഞു.
കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള ഹില്‍ട്ടണ്‍ ഹോട്ടലിലാണ് കോണ്‍ഗ്രസ് എം.എല്‍.എമാരുള്ളത്. ജെ.ഡി.എസ് എം.എല്‍.എമാരെ ലെ മെറിഡിയനില്‍ നിന്നും ദോദ്ദബല്ലപുരിലെ ഒരു റിസോര്‍ട്ടിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. ഫലം അറിഞ്ഞതിനു പിന്നാലെ ഒളിവില്‍ പോയ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡ പാട്ടിലിനെയും തിരിച്ച് ക്യാംപില്‍ എത്തിച്ച കോണ്‍ഗ്രസ് അവരെയും മറ്റ് എം.എല്‍.എമാര്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുകയാണ്.
വിശ്വാസവോട്ട് കഴിയും വരെ എല്ലാ എം.എല്‍.എമാരും ഹോട്ടലുകളില്‍ തന്നെ തങ്ങുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ജി.പരമേശ്വരയും അറിയിച്ചു. തിങ്കളാഴ്ച അവരുമായി ചര്‍ച്ച നടത്തുന്നുണ്ട്. സിദ്ധരാമയ്യ, മല്ലികാര്‍ജ്ജുന ഖാര്‍ഗെ, ഡി.കെ ശിവകുമാര്‍, കെ.സി വേണുഗോപാല്‍ എന്നിവരാണ് എം.എല്‍.എമാരെ അനുനയിപ്പിച്ച് നിര്‍ത്തുന്നത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് മനസ്സില്‍വച്ചുവേണം പ്രവര്‍ത്തിക്കാനെന്നും എല്ലാവരും സഹകരിക്കണമെന്നും ശിവകുമാര്‍ എം.എല്‍.എമാരോട് പറഞ്ഞു. നമ്മുടെ എം.എല്‍.എമാരെ തട്ടിയെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനാല്‍ അതീവ ജാഗ്രത വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
ഇവിടെ ഓരോരുത്തർ 2 ഉം 3 ഉം കൊല്ലം ഈ മരുഭൂമിയിൽ നിൽക്കുന്നു…. എല്ലാ സൗ കര്യം ഉള്ള ഹോട്ടൽ ലിൽ രാജാവിനെ പോലെ കഴിയുന്ന ഇവർക്ക് വീട്ടിൽ പോയി ഇത്ര അത്യവസo ഉള്ളത്…
പിന്നെ ആ 2 കള്ളൻമാർ എന്തിനാ കൂടെ നിർത്തി ഇരിക്കുന്നത്….സൂക്ഷിക്കണം… ചിലപ്പോൾ അവർ 2 പേര് ആയിരിക്കും ഇപ്പോൾ കുതിര കച്ചവടത്തിന്റൈ ഏജന്റ്