തിരുവനന്തപുരം: (www.mediavisionnews.in)പല സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ മുടി രണ്ടായി വേര്‍തിരിച്ച് പിരിച്ചുകെട്ടണമെന്ന് അധ്യാപക-അനധ്യാപക ജീവനക്കാര്‍ നിര്‍ബന്ധിക്കുന്നതിനെതിരെ വിദ്യാഭ്യാസ വകുപ്പ് രംഗത്ത്. സ്‌കൂള്‍ അച്ചടക്കത്തിന്റെ ഭാഗമായി മുടി ഒതുക്കിക്കെട്ടാന്‍ കുട്ടികളോട് ആവശ്യപ്പെടാമെങ്കിലും മാനസികമായും ആരോഗ്യപരമായും ദോഷകരമായി ബാധിക്കുന്ന രീതിയില്‍ നിര്‍ബന്ധിക്കരുതെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ നിര്‍ദേശിച്ചു.
രാവിലെ കുളിച്ചശേഷം ഉണങ്ങാതെ മുടി രണ്ടായി വേര്‍തിരിച്ചു പിരിച്ചുകെട്ടിയാല്‍ മുടിയില്‍ ദുര്‍ഗന്ധം ഉണ്ടാകുകയും ഇത് മുടിയുടെ വളര്‍ച്ചയെയും നിലനില്‍പിനെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പല പെണ്‍കുട്ടികളും രാവിലെ കുളിക്കാതെ സ്‌കൂളില്‍ വരാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. പ്രഭാത കൃത്യങ്ങള്‍ക്കും പഠനത്തിനുമിടയില്‍ മുടി വേര്‍തിരിച്ചു രണ്ടായി പിരിച്ചുകെട്ടാന്‍ സമയവും പരസഹായവും കണ്ടെത്തുക ബുദ്ധിമുട്ടാണെന്നുമാണ് ബാലാവകാശ കമ്മീഷന്റെ നിരീക്ഷണം. നീളം കുറഞ്ഞതും കനം കുറഞ്ഞതുമായ മുടിയുള്ളവര്‍ക്കു മുടി രണ്ടായി പകുത്തു കെട്ടുന്നത് അനാകര്‍ഷകമാണ്. പെണ്‍കുട്ടികള്‍ ആയതിനാലാണു ദുരിതം അനുഭവിക്കുന്നതെന്നും ആണ്‍കുട്ടികള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളില്ലെന്നുമുള്ള ഹര്‍ജിക്കാരിയുടെ വാദം പരിഗണിച്ചു വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ബാലാവകാശ കമ്മീഷനാണു നിര്‍ദേശിച്ചതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.